ന്യൂഡൽഹി: ഫെബ്രുവരി മാസത്തിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മറവിൽ സ്കൂളും മധുരപലഹാര കടയും തീവച്ച് നശിപ്പിക്കുകയും കടയിലെ ജീവനക്കാരനായ ദിൽബർ നേഗിയുടെ മരണത്തിന് ഇടയാകുകയും ചെയ്ത സംഭവത്തിൽ സ്കൂൾ ഉടമയായ ഫൈസൽ ഫറൂഖ് ഉൾപ്പെടെ 18 പേർക്കെതിരെ പൊലീസ് ചാർജ്ജ്ഷീറ്റ് ഫയൽ ചെയ്തു. ഇയാൾ തീവച്ച് നശിപ്പിച്ച ശിവ് വിഹാറിലെ ഡിആർപി സ്കൂളിന് സമീപമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള രാജധാനി സ്കൂളും.
പോപ്പുലർ ഫ്രണ്ട്, കോളേജിൽ പഠിക്കുന്ന പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന 'പിഞ്ജ്റാ തോട്', ഡൽഹി ജാമിയ മിലിയ ഇസ്ളാമിയയിലെ ജാമിയ കോഓർഡിനേഷൻ കമ്മിറ്റി, മറ്റ് മുസ്ളിം പണ്ഡിതർ എന്നിവയുമൊക്കെയായി അടുത്ത ബന്ധമുള്ളയാളാണ് ഫൈസൽ ഫറൂഖ്. അടുത്തുള്ള അനിൽ മധുരപലഹാര കടയും ഫൈസൽ ഫറൂഖ് തീവച്ച് നശിപ്പിച്ചു. ഇയാളുടെ നിർദ്ദേശപ്രകാരം സ്കൂളിനടുത്തുള്ള രണ്ട് പാർക്കിംഗ് സ്ഥലങ്ങൾ തകർത്തു. രാജധാനി സ്കൂളിൽ നിന്ന് അടുത്തുള്ള സ്കൂളിലേക്ക് വെടിവയ്പ്പ് നടത്തിയിരുന്നു.
പെട്രോൾ ബോംബുകൾ, കട്ട, കല്ല്, ആസിഡ്, മിസൈൽ പോലെയുള്ള ആയുധങ്ങൾ എന്നിവ സ്കൂളിനുമുകളിൽ നിന്നും മറ്റുള്ളിടങ്ങളിലേക്ക് പ്രയോഗിച്ചു. ഡി.ആർ.പി സ്കൂളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഇവർ നശിപ്പിച്ചതായും കൊള്ള ചെയ്തതായും ചാർജ്ജ് ഷീറ്റിൽ പറയുന്നു.