ജീവൻ നിലനിർത്തുന്നതിനാവശ്യമായ അന്തരീക്ഷ ആവരണമാണ് ഹരിത ഗൃഹം. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് കൃഷി ചെയ്യാവുന്ന ഹരിതഗൃഹങ്ങളെ സംരക്ഷിത കൃഷി രീതി എന്നും പറയപ്പെടുന്നു. മഴ മറകൃഷി എന്നും ഈ കൃഷി രീതി അറിയപ്പെടുന്നു. നിർദ്ദിഷ്ട താപനിലയും ഈർപ്പവും നിലനിർത്തി സസ്യവളർച്ചയെ ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രീൻ ഹൗസുകൾ അല്ലെങ്കിൽ ഹരിതഗൃഹങ്ങൾ സ്ഥാപിക്കുന്നത്. സുതാര്യമായ ചില്ലുകളും പോളിത്തീൻ ഷീറ്റുകളും സൂര്യരശ്മിയെ ഉള്ളിലേക്ക് കടത്തിവിടും.ഏതെങ്കിലും ഒരു ഉപരിതലത്തിൽ പതിക്കുന്ന സൂര്യരശ്മികൾ ആ പ്രതലത്തെ ചൂടാക്കുമ്പോൾ അതിൽ നിന്നുയരുന്ന താപരശ്മികളെ ഇവ പുറത്തുപോകാൻ അനുവദിക്കുകയില്ല. അതിനാൽ തന്നെ ഗ്രീൻ ഹൗസ് നിർമ്മാണത്തിനുപയോഗിക്കുന്ന ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേക്ക് കടത്തിവിടും.
ശീതകാലത്ത് അനുയോജ്യമായ താപനില നിലനിർത്താൻ ഇത് സഹായിക്കുന്നു. എന്നാൽ ചൂട് കാലത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസിൽ താഴെ ആക്കുന്നതിന് വെന്റിലേഷൻ ആവശ്യമായി വരും. മണ്ണിൽ നിന്നും ചെടികളിൽ നിന്നുമുള്ള ബാഷ്പീകരണം, അന്തരീക്ഷത്തിന്റെ ആർദ്രത ഉയർത്തുന്നു. ഇങ്ങനെ താപനില, പ്രകാശം, വായു സഞ്ചാരം, ഈർപ്പം എന്നീ ഘടകങ്ങൾ ക്രമാനുഗതമായി നിയന്ത്രിച്ച് ഹരിത ഗൃഹത്തിനുള്ളിൽ സസ്യങ്ങൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ചെടികൾ രാത്രി കാലങ്ങളിൽ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ്, ഗ്രീൻ ഹൗസിനുള്ളിൽ തങ്ങി നിൽക്കുകയും രാവിലെ ഹരിതഗൃഹത്തിനുള്ളിൽ പ്രകാശസംശ്ലേഷണത്തിന്റെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഓരോ ഹരിതഗൃഹത്തിലെ അന്തരീക്ഷനില വ്യത്യാസമാണ്. ഹരിതഗൃഹത്തിനുള്ളിലെ വിത്തുകളുടെ അങ്കുരണം, വളർച്ച, പുഷ്പിക്കൽ, മുകുള സംയോജനം, കായ്കളുടെ പാകമാകൽ, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും തുറന്ന സ്ഥലങ്ങളിൽ വളരുന്നവയെക്കാളും വേഗത്തിൽ സംരക്ഷിതാവസ്ഥയിൽ നടക്കുന്നു. ഗ്രീൻഹൗസിനുള്ളിലെ അന്തരീക്ഷം അനുകൂലമായി ക്രമീകരിച്ചാൽ മാത്രമേ ഈ നേട്ടങ്ങൾ സാധ്യമാകൂ.ഹരിത ഗൃഹത്തിൽ വളർത്താനുള്ള ചെടികളെ തെരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണന സാദ്ധ്യതയും മുൻനിർത്തിയാണ്. ഹരിത ഗൃഹത്തിൽ വളർത്താൻ യോജിച്ച ചെടികൾ തക്കാളി, സാലഡ് വെള്ളരി, പയറിനങ്ങൾ, ക്യാപ്സിക്കം, ചെറി, വെണ്ട, ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ, ഉള്ളി, ഇലക്കറികൾക്കായുള്ള ചെടികളായ മല്ലി, ചീര, പാലക്ക്, ലെറ്റ്യൂസ് മുതലായവ. പൂച്ചെടികളായ റോസ്, ജെർബറ, കാർനേഷൻ, ഓർക്കിഡ്, ആന്തൂറിയം, ക്രൈസാന്തിമം, ലില്ലികൾ എന്നിവയാണ്.