
1. ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. വനം വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അതിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമയത്ത് ഇടപ്പെട്ടില്ലെന്ന് നാട്ടുകാര്‍. ആനയെ രക്ഷപ്പെടുത്താന്‍ സമയം ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. 3 ദിവസം വരെ ആന ജനവാസ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് പാലക്കാട് കാട്ടാന ചരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വച്ച സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക ആന ഭക്ഷിക്കുക ആയിരുന്നു എന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി ഇരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയത് ആണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.
2. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് മാത്രം 24 വിമാനങ്ങള്‍ ഒരു ദിവസം വരുമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. എന്നാല്‍ 12 വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സീറ്റ് നിരക്ക് വിമാന കമ്പനികളാണ് തീരുമാനിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്, കാര്യങ്ങള്‍ കുറച്ച് കൂടി വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3. വിദേശത്തു നിന്നു മലയാളികളെ വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ കേരളം ഇതുവരെ കേന്ദ്രത്തോടു നോ പറഞ്ഞിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ പരിമിതപ്പെടുത്തണം എന്നു സംസ്ഥാനം ആവശ്യപ്പെട്ടുവെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് നിബന്ധന വച്ചിട്ടില്ലെന്നും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
4. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ട് ആണ് ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയത് എന്നും രാഹുല്‍ വിമര്‍ശിച്ചു.ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളെയും ലോക്ക്ഡൗണ്‍ വളരെ മോശമായി ബാധിച്ചു. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പരാജയപ്പെട്ട് എന്നും രോഗബാധിതര്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
5. കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. 23 കാരനായ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റില്‍ ആയത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്.പി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാലി-ഷീബ ദമ്പതിമാരുടെ അയല്‍ക്കാരാനാണ് അറസ്റ്റില്‍ ആയ മുഹമ്മദ്. പെട്ടെന്നുള്ള ദേഷ്യത്തില്‍ ഷീബയെ തലയ്ക്കടിച്ചു കൊന്നു എന്ന് പ്രതി സമ്മതിച്ചു. ആദ്യം ആക്രമിച്ചത് ഭര്‍ത്താവിനെ ആണ്. സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിക്കുക ആയിരുന്നു. ശബ്ദം കേട്ടെത്തിയ ഷീബയെയും തലയ്ക്കടിച്ചു. മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവ് നശിപ്പിക്കാനായി ആണ് ഗ്യാസ് തുറന്ന് വിട്ടത്.
6. മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകം ആയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കല്‍ ആക്കിയെന്നും പൊലീസ് പറഞ്ഞു. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. യുവാവിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാണ് പ്രതികള്‍ കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പൊലീന്റെ വിലയിരുത്തല്‍. മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തി.
7. രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. നിരവധി ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിന് ഇടെ ആണ് ആരോഗ്യ മന്ത്രാലയത്തെ ആശങ്കയില്‍ ആഴ്ത്തി നിരവധി ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി മതി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
8. കഴിഞ്ഞ ദിവസങ്ങളില്‍ അജയ് കുമാറുമായി അടുത്ത് ഇടപഴകിയ 30ഓളം പേരെ കണ്ടെത്തി. ഇവരെ സെല്‍ഫ് ക്വാറന്റീനില്‍ ആക്കി. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനങ്ങളേക്കാള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളത്തിലും ബംഗാളിലും രോഗബാധ നിരക്ക് കൂടി. ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കോടെ ആണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടത്. ഇന്നലെ 8,909 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,16,919 ആയി.