death

കൊവിഡിന്റെ സംഹാരത്തിൽ ഗൾഫ് നാടുകളിൽ ഈയാമ്പാറ്റകളെപ്പോലെ മരിച്ചു വീഴുകയാണ് മലയാളികൾ. ഗൾഫിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ, തൊഴിലാളിയെന്നോ തൊഴിലുടമയെന്നോ ഭേദമില്ലാതെ വൈറസ് ജീവൻ കവരുന്നു. സമൂഹവ്യാപനവും അതിനപ്പുറവും സംഭവിച്ചുകഴിഞ്ഞ ഗൾഫിൽ നിന്ന് മലയാളികളെ അതിവേഗം നാട്ടിലെത്തിച്ച് മികച്ച ചികിത്സ നൽകി സുഖപ്പെടുത്തുകയാണ് നമുക്ക് മുന്നിലുള്ള ഏകവഴി.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ വന്ദേഭാരത് മിഷൻ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആക്ഷേപം. മിഷൻ ഒരുമാസത്തോടടുക്കുേമ്പാൾ നാട്ടിലെത്താൻ കാത്തിരിക്കുന്ന പത്തു ശതമാനത്തെപ്പോലും എത്തിക്കാനായിട്ടില്ല. വന്ദേഭാരത് മിഷനിൽ മേയ് മാസത്തിൽ മാത്രം യു എ ഇയിൽനിന്ന് 80 വിമാനങ്ങളിലായി 15,913 പേരെ ഇന്ത്യയിൽ എത്തിച്ചതായാണ് ഇന്ത്യൻ എംബസിയുടെ കണക്ക്. ഇതിൽ 10,271 പേരും ദുബായിൽനിന്നുള്ളവരാണ്, ശേഷിച്ചവർ അബുദാബിയിൽനിന്നും. നാലരലക്ഷത്തോളം പേരാണ് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. വന്ദേഭാരതിന്റെ മൂന്നാംഘട്ടത്തിൽ കേരളത്തിലേക്ക് വിമാനങ്ങൾ കുറവാണെന്നും ആക്ഷേപമുണ്ട്. മുക്കാൽ ലക്ഷത്തോളം രജിസ്ട്രേഷനായപ്പോൾ കുവൈറ്റ് എംബസി ഓൺലൈൻ രജിസ്ട്രേഷൻ നിറുത്തിയിരുന്നു. കഴിഞ്ഞദിവസം ഇത് പുനരാരംഭിച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുകയോ യാത്രാസർവിസ് ആരംഭിക്കുകയോ ചെയ്തില്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞാലും മുൻഗണാ വിഭാഗങ്ങളിലുള്ളവർക്കു പോലും നാട്ടിലെത്താനാവില്ല. ഗർഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരുമെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ജോലിയും വരുമാനവും നഷ്ടടപ്പെട്ട് ഒറ്റമുറിക്കുള്ളിൽ കുടുങ്ങിപ്പോയവരാണ് ഭൂരിഭാഗം പ്രവാസികളും. പുറത്തിറങ്ങിയാൽ കനത്ത പിഴശിക്ഷയാണ്. ഭക്ഷണം പോലും സംഘടനകളുടെ സമ്മാനമാണ്. സഹതാമസക്കാ‌ർക്ക് പനിയോ ചുമയോ ഉണ്ടെങ്കിൽ ആശങ്കയേറും. ഒരു ലക്ഷണവുമില്ലാതെ കൊവിഡ് പടർന്നുപിടിക്കുന്നത് ഇവരെ ആകുലപ്പെടുത്തുന്നുണ്ട്. നാട്ടിലേക്കുള്ള ടിക്കറ്രിന് മാത്രമുള്ള പണം കൈവശമുള്ളവർ ഭക്ഷണത്തിനായി സന്നദ്ധസംഘടനകളെ ആശ്രയിക്കുകയാണ്. ഫണ്ട് ക്ഷാമം കാരണം ഭക്ഷണക്കി​റ്റ് വിതരണം ഏറെക്കാലം തുടരാനാവാത്ത സ്ഥിതിയാലാണ് സംഘടനകൾ. ചുരുക്കത്തിൽ ആർക്കും ആരെയും സഹായിക്കാനാവാത്ത സ്ഥിതി. ചാർട്ടേർഡ് വിമാനങ്ങളുമായി സംഘടനകളും വ്യക്തികളും രംഗത്തെത്തിയെങ്കിലും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കല്ല ഇതിൽ. വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങളിൽ യാത്രക്കാരുടെ മുൻഗണനാപട്ടിക ലംഘിക്കുന്നതിനെതിരെയും പ്രതിഷേധം വ്യാപകമാണ്. ഗർഭിണികൾക്കും മാരകരോഗികൾക്കും വിസ തീർന്നവർക്കുമൊക്കെയാണ് ആദ്യ പരിഗണനയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വാധീനമുള്ളവരാണ് യാത്രക്കാരുടെ പട്ടികയിലേറെയും.

പോരടിച്ച് കേന്ദ്രവും സംസ്ഥാനവും

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടെന്ന് പരസ്യമായി പറഞ്ഞത് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിദേശത്തുനിന്നു മലയാളികളുമായി എത്തേണ്ട ഒരു വിമാനത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകാതിരുന്നിട്ടില്ലെന്നും ഉപാധികൾ വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒരു ദിവസം 12 വിമാനം ഉണ്ടാകുമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ജൂണിൽ 360 വിമാനമാണ് വരേണ്ടത്. എന്നാൽ, ജൂൺ 3 മുതൽ 10 വരെ 36 വിമാനമാണ് കേന്ദ്റം ഷെഡ്യൂൾ ചെയ്തത്. 324 വിമാനം ഇനിയും ജൂൺ മാസത്തിൽ ഷെഡ്യൂൾ ചെയ്യാനുണ്ട്. കേന്ദ്രത്തിന് ഉദ്ദേശിച്ച രീതിയിൽ വിമാനം ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നില്ല- കേന്ദ്രത്തിനെതിരെ പിണറായി ആഞ്ഞടിച്ചു.

അപ്പോഴേക്കും കേരളസർക്കാർ എഴുതിയ കത്തുകൾ പുറത്തുവിട്ട് മുരളീധരൻ രംഗത്തെത്തി. ദിവസേന 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്റം അറിയിച്ചതെന്നും എന്നാൽ ആകെ 12 വിമാനങ്ങൾ എന്ന കണക്കിൽ ആകെ 360 വിമാനങ്ങൾക്ക് മാത്രമാണ് കേരളം അനുമതി നൽകിയതെന്നും മുരളീധരൻ തുറന്നടിച്ചു. ചാർ​ട്ടേഡ്​ വിമാനങ്ങളുടെ കാര്യത്തിൽ എതിർപ്പില്ലെന്നും തൊഴിലുടമകൾക്ക്​ ചാർ​ട്ടേഡ്​ വിമാനങ്ങൾ കൊണ്ടുവരാനുള്ള അനുവാദമുണ്ടെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതെങ്കിലും കേന്ദ്രത്തിന്​ അയച്ച കത്തിൽ ഇക്കാര്യമില്ല. ഗൾഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏ​റ്റവും കൂടുതൽ ആളുകൾ വരേണ്ടതെന്നും വി മുരളീധരൻ വ്യക്തമാക്കിയതോടെ പോര് കനത്തിരിക്കുകയാണ്.

ആ കോടാനുകോടികൾ എന്തിന്

കോൺസൽ സർവീസിനായി ഇന്ത്യൻ എംബസിയെയും കോൺസുലേ​റ്റിനെയും സമീപിക്കുമ്പോൾ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന തുക ഇന്ത്യൻ കമ്യൂണി​റ്റി വെൽഫെയർ ഫണ്ടിൽ (ക്ഷേമനിധി) കുമിഞ്ഞുകൂടി കിടപ്പുണ്ട്. യുഎഇയിൽ 2009 മുതൽ വെൽഫെയർ ഫണ്ടിലേക്ക് 10ദിർഹം വീതമാണ് ഈടാക്കുന്നത്. മുൻപ് ഗൾഫിലേക്കു വരുന്നവരിൽനിന്ന് ഇസിഎൻആർ സ്​റ്റാമ്പ് ചെയ്യാനായി വൺവേ ടിക്ക​റ്റ് ഇനത്തിൽ സ്വരൂപിച്ച തുകയും ഈ ഫണ്ടിലുണ്ട്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ സൂക്ഷിച്ചിരിക്കുന്ന ഫണ്ടിൽ ഇപ്പോൾ ഏതാണ്ട് അമ്പതിനായിരം കോടിയിലേറെ തുകയുണ്ടാവും. 2007ലെ കണക്കുപ്രകാരം 24,000 കോടി രൂപ ഉണ്ടെന്നാണ് റിപ്പോർട്ട്. ജോലി നഷ്ടപ്പെട്ടും വീസ കാലാവധി തീർന്നും താമസം, ഭക്ഷണം, മരുന്ന് എന്നിവയില്ലാതെ പ്രയാസപ്പെടുന്നവരുമായ നിർധനരെ ക്ഷേമനിധി ഉപയോഗിച്ചു നാട്ടിലെത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രവാസികൾക്ക് ഈ തുകയുപയോഗിച്ച് ഭക്ഷണമോ മരുന്നോ എത്തിക്കാൻ പോലും നയതന്ത്ര കാര്യാലയങ്ങൾ തയ്യാറാവുന്നില്ല. ഈ ഫണ്ടിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

പ്രതിസന്ധിയിൽ പ്രവാസികളെ താങ്ങിനിറുത്തണം

- ഡോ. സി.വി. ആനന്ദബോസ്

പ്രവാസികളെ പ്രതിസന്ധിഘട്ടത്തിൽ താങ്ങിനിർത്തേണ്ടത് രാജ്യത്തിന്റെ കടമയാണെന്ന് കേന്ദ്ര തൊഴിൽ ഉപദേശക സമിതി ഏകാംഗ കമ്മിഷൻ ഡോ.സി.വി.ആനന്ദബോസ്.മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ദേശീയ സാമൂഹിക സുരക്ഷാ ബോർഡും പ്രത്യേക സാമ്പത്തിക മേഖലകളും രൂപീകരിക്കണം. പട്ടിണികൂടാതെ രാജ്യത്തെ കാത്ത പ്രവാസിയുടെ വിശ്വാസം തകരാൻ ഇടയാകരുത്. നിക്ഷേപവുമായി എത്തുന്ന പ്രവാസിക്ക് വേഗത്തിൽ അനുമതികൾ ലഭ്യമാക്കണം. കൊവിഡാനന്തര ഇന്ത്യയുടെ മുഖ്യശില്പി​കൾ പ്രവാസികളായിരിക്കും.