കണ്ണീരുപ്പും പിന്നെ പരിശ്രമം സമ്മാനിച്ച അക്ഷരമധുരവും... ലിൻസ ടീച്ചറുടെ ജീവിതത്തെ ഏറ്റവും ലളിതമായി ഇങ്ങനെ വിശദീകരിക്കാം. കരഞ്ഞു തളർന്ന എത്രയോ ദിവസങ്ങളെ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഇനി എങ്ങോട്ടു പോകണമെന്നറിയാതെ, നടുങ്ങി നിന്ന ഇരുട്ടിലെന്ന പോലെയുള്ള കാലമായിരുന്നു അത്. മുന്നോട്ടു പോയേ തീരൂവെന്ന് പിന്നെ മനസിനെ പറഞ്ഞു പഠിപ്പിച്ചു. കാഞ്ഞങ്ങാട് ഇക്ബാൽ സ്കൂളിലെ അദ്ധ്യാപികയായി ജോലിയിലെത്തുന്നതിന് മുമ്പായിരുന്നു ആ നൊമ്പരജീവിതം. പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ഒട്ടും പ്രതീക്ഷിക്കാതെ, തൂപ്പുജോലിക്കാരിയുടെ വേഷം അണിയേണ്ടി വന്നു, ഒരുപാട് പ്രതിസന്ധികളെ മുഖാമുഖം നേരിട്ടു. ആത്മവിശ്വാസം മാത്രമായിരുന്നു അന്നും കൈയിലുണ്ടായിരുന്നത്. ആ നീണ്ട യാത്രയ്ക്കൊടുവിൽ തൂപ്പുകാരിയായി ജോലി ചെയ്ത അതേ സ്കൂളിൽ തന്നെ ലിൻസ, അദ്ധ്യാപികയായി . ഇന്നിപ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറാണ് ലിൻസ, അനുഭവങ്ങളുടെ കരുത്തുള്ള ടീച്ചർ കൂടെയുള്ളപ്പോൾ ഈ കുട്ടികളെല്ലാം ജീവിതപരീക്ഷയിൽ ജയിക്കുമെന്ന് തീർച്ചയാണ്. മഴ പെയ്തു തുടങ്ങിയ പകലിൽ അവർ ജീവിതം പറഞ്ഞു തുടങ്ങി.
ഓർക്കാപ്പുറത്തെത്തിയ ജീവിതവേഷം
കാഞ്ഞങ്ങാട് ഇക്ബാൽ സ്കൂളിലെ സംസ്കൃതം അദ്ധ്യാപകനായിരുന്നു ലിൻസയുടെ അച്ഛൻ രാജൻ മാഷ്. അച്ഛനായിരുന്നു മാതൃകയെങ്കിലും ലിൻസയുടെ മനസിൽ അദ്ധ്യാപന മോഹമൊന്നുമുണ്ടായിരുന്നില്ല. മകളെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ലിൻസയുടെ ബിരുദ പഠനക്കാലത്താണ് ഹാർട്ട് അറ്റാക്ക് വന്ന് അച്ഛൻ മരിക്കുന്നത്. രണ്ടു മക്കളും അമ്മയും ഉൾപ്പെട്ട കുടുംബം തീർത്തും ഒറ്റപ്പെട്ടു. ആകെയുണ്ടായിരുന്ന വരുമാനം പെട്ടെന്ന് നിലച്ചതോടെ സ്വാഭാവികമായും മൂത്തമകളായ ലിൻസയ്ക്ക് ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. അച്ഛൻ പഠിച്ച അതേ സ്കൂളിലേക്ക് ജോലിക്ക് വിളിപ്പിച്ചു. അവിടെ എത്തുന്നതുവരെയും എന്താണ് താൻ ചെയ്യാൻ പോകുന്ന ജോലി എന്ന കാര്യത്തിൽ ലിൻസയ്ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ജോലിക്ക് പ്രവേശിക്കാൻ പറഞ്ഞതോടെ ഒപ്പിട്ട് നൽകി. അപ്പോഴാണ് തന്റെ ജോലിയെ കുറിച്ച് അവൾ അറിയുന്നത്. ''ഇവിടത്തെ പടിക്കെട്ടുകളും പരിസരവുമെല്ലാം വൃത്തിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്, അതൊക്കെ ഒന്ന് വൃത്തിയാക്കണം."" ഈ വാക്കുകൾ കേട്ടതോടെ എങ്ങനെയെങ്കിലും അവിടെ നിന്ന് മടങ്ങിയാൽ മതിയെന്നായി. കൂട്ടുകാരൊക്കെ നിറപ്പകിട്ടോടെ കോളേജിൽ പോകുന്ന കാലമാണത്. കരഞ്ഞുകലങ്ങിയ കണ്ണുമായി വീട്ടിലെത്തിയ ലിൻസയെ അമ്മ ചേർത്തുപിടിച്ചു. ജോലി ചെയ്തു ജീവിക്കുന്നതാണ് പ്രധാനമെന്നും അതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും അമ്മ പറഞ്ഞുകൊടുത്തു. ജീവിതം അറിഞ്ഞുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അന്ന്. അമ്മ കൂടെ നിന്നതോടെ ഒരൽപ്പം ആശ്വാസമായി. ഡിഗ്രി പഠനം പൂർത്തിയാക്കാത്തതു കൊണ്ടു തന്നെ ലിൻസയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യത വച്ചായിരുന്നു സ്കൂളധികൃതർ ആശ്രിതനിയമനമായി ഈ ജോലി നൽകിയത്. വീട്ടുചെലവും അനിയന്റെ പഠനവും പിന്നെയുള്ള കടങ്ങളും എല്ലാം കൂടി അച്ഛന്റെ പെൻഷൻ തുകയിൽ നിൽക്കില്ല എന്ന അവസ്ഥയിലായിരുന്നു വീട്. ജീവിതം പിന്നെയും മുന്നോട്ടു പോകേണ്ടതുണ്ടായിരുന്നു. സ്വീപ്പർ പോസ്റ്റിൽ സ്ഥിരമായി ജോലിക്കുണ്ടായിരുന്ന ആൾ ലീവിൽ പോയപ്പോഴായിരുന്നു സ്കൂളധികൃതർ താത്കാലികമായി ലിൻസയെ ആ പോസ്റ്റിലേക്ക് നിയമിച്ചത്. ഇതിനിടയിൽ വേദനിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ലിൻസ ടീച്ചർ പങ്കുവച്ചു. ജോലിയിൽ കയറിയ അന്നു മുതലുള്ള ശമ്പളം കിട്ടിയത് അഞ്ചുവർഷത്തിന് ശേഷമായിരുന്നു. അതിന് വേണ്ടി കയറിയിറങ്ങാത്ത ഓഫീസുകളുമുണ്ടായിരുന്നില്ല. പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ജീവിതപ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഴിയാതെ വന്നത് തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ആരും കാണാതെ കരയും. ഇനിയും പഠിച്ചാലോ എന്ന ചിന്ത മനസിലെത്തുന്നത് ആ കണ്ണീർകാലത്തിലാണ്. അച്ഛന്റെ സഹപ്രവർത്തകരായ അദ്ധ്യാപകരും ബന്ധുക്കളുമെല്ലാം പിന്തുണ നൽകി. കരഞ്ഞുകൊണ്ട് കയറിയിറങ്ങിയ ഓരോ ക്ലാസ്മുറികളും ഇന്നും ലിൻസയുടെ മനസിലുണ്ട്. പക്ഷേ, അന്നത്തെ ചെറിയ പ്രായത്തിലുള്ള കാഴ്ചപ്പാട്, അനുഭവങ്ങളാൽ ജീവിതത്തിൽ മാറ്റിയെഴുതിയിട്ടുമുണ്ട്. ടീച്ചർ. ''എല്ലാ ജോലിക്കും മഹത്വമുണ്ടെന്ന് മനസിലാക്കാൻ പിന്നെയും കുറേ വർഷങ്ങളെടുത്തു. ഇന്നിപ്പോൾ കഴിഞ്ഞ കാലത്തെ ഓർക്കുമ്പോൾ ഒരു സങ്കടവും നഷ്ടബോധവുമില്ല, നല്ലൊരു അദ്ധ്യാപികയാക്കാൻ എല്ലാ അനുഭവങ്ങളും സഹായിച്ചിട്ടുണ്ട്. ആ കാലം കൊണ്ടു കൂടിയാണ് ഞാൻ ഒരു വ്യക്തിയാകുന്നതും."" ടീച്ചർ പറയുന്നു.
മായാത്ത കണ്ണുനീർപ്പാടുകൾ
ക്ലാസ് റൂമൊക്കെ വൃത്തിയാക്കുന്ന ജോലിയ്ക്കിടെയാണ് അദ്ധ്യാപനം എന്ന മോഹം മനസിൽ നട്ടുനനച്ചത്. കുട്ടികളും ടീച്ചർമാരും തമ്മിലുള്ള അടുപ്പമൊക്കെ കാണുമ്പോൾ മാറി നിന്ന് കരയുമായിരുന്നു. അഞ്ചുവർഷം പിന്നിട്ടതോടെ ലിൻസയുടെ പോസ്റ്റിൽ നേരത്തെ ജോലി ചെയ്തിരുന്നയാൾ തിരികെ വന്നു. അതോടെ ജോലി നഷ്ടപ്പെട്ടു. അക്കാലത്ത് വിവാഹവും കഴിഞ്ഞു. ഭർത്താവ് സുധീരന്റെ പിന്തുണയിൽ ബി എഡ് പഠനം പൂർത്തിയാക്കി. അതു കഴിഞ്ഞ് ഇംഗ്ലീഷിൽ തന്നെ പിജിയും ലൈബ്രറി സയൻസിൽ ബിരുദവും നേടി. പഠനം കഴിഞ്ഞതോടെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വീപ്പർ പോസ്റ്റിൽ സ്ഥിരം ഒഴിവുണ്ടെന്ന് പഴയ സ്കൂളിൽ നിന്നും അറിയിച്ചു. അങ്ങനെ അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വീപ്പറിന്റെ കുപ്പായത്തിലേക്ക് ലിൻസ പ്രവേശിച്ചു. മറ്റു അദ്ധ്യാപകരെ പോലെ യോഗ്യതയുണ്ടായിട്ടും പഠിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്നതുവീണ്ടും വേദനിപ്പിച്ചു തുടങ്ങി. സ്വീപ്പർ പോസ്റ്റിൽ സ്ഥിരനിയമനമാണെങ്കിൽ പോലും അദ്ധ്യാപികയായി ക്ലാസിൽ നിൽക്കണമെന്നായിരുന്നു പിന്നീടുള്ള ചിന്ത. ഇതിനിടയിൽ ലിൻസ പഠിപ്പിച്ച സ്വകാര്യ സ്കൂളിലെ കുട്ടികളൊക്കെ ഹയർസെക്കൻഡറിക്ക് ഇക്ബാൽ സ്കൂളിൽ ചേരുകയും ലിൻസയെ ഈ വേഷത്തിൽ കണ്ട് അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് അദ്ധ്യാപക യോഗ്യതയ്ക്കുള്ള കെ ടെറ്റും സെറ്റുമൊക്കെ ലിൻസ പാസായി. സ്വീപ്പറായി ജോലിയിൽ തുടർന്നപ്പോഴും സ്കൂൾസമയം കഴിഞ്ഞ് ഇടയ്ക്കൊക്കെ കുട്ടികൾക്ക് ഇംഗ്ലീഷിൽ ക്ലാസെടുത്തായിരുന്നു അദ്ധ്യാപികയാകണമെന്ന മോഹത്തിലേക്ക് ലിൻസ നടന്നടുത്തത്.
ഒടുവിൽ ആശ്വാസത്തുരുത്തിലേക്ക്
എല്ലാ വേദനകളെയും കാറ്റിൽപ്പറത്തി 2018 ൽ ലിൻസയെ തേടി ഒടുവിൽ ആ സന്തോഷവാർത്തയെത്തി. അച്ഛൻ പഠിപ്പിച്ചിരുന്ന, തൂപ്പുകാരിയായി ഇത്രയും കൊല്ലം താൻ ജോലി ചെയ്തിരുന്ന അതേ സ്കൂളിൽ സ്ഥിരം അദ്ധ്യാപികയായി നിയമനം. മനസ് നിറയെ സന്തോഷവുമായി അദ്ധ്യാപികയായി കുട്ടികൾക്ക് മുന്നിലെത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയായിരുന്നു തങ്ങളുടെ പുതിയ ടീച്ചറെ അവർ സ്വാഗതം ചെയ്തത്. കണ്ണീർ നിറഞ്ഞൊഴുകിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആ ദിവസമെന്ന് ലിൻസ ഇന്നും ഓർക്കുന്നു. പി.എസ്. സി പരീക്ഷ നടക്കുന്ന സമയങ്ങളിൽ ക്ലാസ് റൂമിൽ നമ്പർ ഇടാൻ പോകുന്ന പതിവുണ്ട്. അങ്ങനെയൊരിക്കൽ ഏഴ് ബിയിൽ എത്തിയപ്പോൾ എന്നെങ്കിലുമൊരു നാൾ ഈ സ്കൂളിൽ അദ്ധ്യാപികയായി എത്തുകയാണെങ്കിൽ അന്ന് ഈ ക്ലാസിൽ നിന്ന് തുടങ്ങണമെന്ന് മനസ് പറഞ്ഞു. ആ ആഗ്രഹമാണ് പിന്നീട് സഫലമായത്. കുട്ടികളെ പരിചയപ്പെടും മുൻപ് തന്നെ ലിൻസ ടീച്ചർ തന്റെ കഥ അവർക്ക് പറഞ്ഞുകൊടുത്തു. ഇനിമുതൽ ഞാൻ നിങ്ങളുടെ ടീച്ചറാണെന്നാണ് ആദ്യം പറഞ്ഞ വാക്കുകൾ. കുട്ടികൾക്ക് അവരുടെ പഴയ ലിൻസ ചേച്ചി അങ്ങനെ ലിൻസ ടീച്ചറായി, അവരുടെ ഏറ്റവും പ്രിയപ്പെട്ട ടീച്ചർ. '' കുട്ടികളൊക്കെ വീട്ടിൽ പോയി പറഞ്ഞിരുന്നു, ലിൻസ ചേച്ചിയാണ് ഇനി ഞങ്ങളുടെ ടീച്ചർ എന്ന്. അവരുടെ അച്ഛനമ്മമാരിൽ പലരെയും എന്റെ അച്ഛൻ പഠിപ്പിച്ചിട്ടുണ്ടെന്നും അപ്പോൾ അറിഞ്ഞു. എന്തായാലും അവരുടെ മക്കളെ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് മറ്റൊരു നിയോഗം. ഇപ്പോൾ ശിഷ്യസമ്പത്ത് കൂടി വരുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. യു.പി സ്കൂളിലാണ് ഇപ്പോഴത്തെ അദ്ധ്യാപനം, അധികം വൈകാതെ ഹൈസ്കൂളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്."" സ്കൂളിലെ പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ തന്നെ ടീച്ചറുണ്ട്. അവിടെ ആദ്യമായി ഗൈഡ് യൂണിറ്റ് തുടങ്ങുന്നത് ലിൻസ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. ഈ വിജയത്തിൽ ഏറെ അഭിമാനിക്കുന്ന കുടുംബമാണ് തന്റെ ഭാഗ്യമെന്ന് ടീച്ചർ പറയുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ഹെഡ് ക്ലർക്കാണ് ഭർത്താവ് പി.വി. സുധീരൻ. സോനിലും, സംഘമിത്രയുമാണ് മക്കൾ.
സ്കൂളിലെ നടവഴികളിലും ക്ളാസ് മുറികളിലുമൊക്കെ എത്തുമ്പോൾ ഒരായിരം ഓർമ്മകൾ ടീച്ചറെ വന്നു തൊടും. ചിലപ്പോൾ ആരും കാണാതെ, ആ പ്രിയപ്പെട്ട പടിക്കെട്ടിൽ ഒരൽപ്പസമയം ഇരിക്കും. എന്നിട്ട്, ഓർമ്മകളിലേക്ക് പതുക്കെ ഒന്ന് സഞ്ചരിക്കും. ജീവിതം എപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നാണ് ടീച്ചറുടെ വിശ്വാസം. ഇതു പറയുമ്പോൾ ആ മുഖം പ്രകാശിക്കും. ആത്മവിശ്വാസമുണ്ടെങ്കിൽ ഒരിക്കലും തോൽക്കില്ലെന്ന് ടീച്ചർ പറയുന്നു. ഈ വാക്കുകളാണ് ടീച്ചർക്ക് തന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് പകർന്നു കൊടുക്കാനുള്ള ഏറ്റവും വലിയ ജീവിതപാഠം. ആ പാഠമാണല്ലോ അക്ഷരങ്ങൾക്കൊപ്പം ഏറെ മധുരിക്കുന്നതും.