floyyd

മിനസോട്ട:- പൊലീസുമായുള്ള തർക്കത്തിനൊടുവിൽ മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് അമേരിക്കയിൽ മിന്നീപൊളീസ് പൊലീസ് കൊലപ്പെടുത്തിയ കറുത്തവർഗ്ഗക്കാരൻ പൗരൻ ജോർജ്ജ് ഫ്ളോയിഡിന്റെ കൊവിഡ് പരിശോധനാ ഫലം പൊസിറ്റീവാണെന്ന് റിപ്പോർട്ട്.

ഹെന്നെപിൻ കൺട്രി മെഡിക്കൽ ഓഫീസർ തയ്യാറാക്കിയ ഇരുപത് പേജ് വരുന്ന മൃതദേഹ പരിശോധനാഫലത്തിലാണ് ഈ വിവരമുള്ളത്. ഇയാളെ തടഞ്ഞ നാല് പൊലീസുകാർക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മിന്നീപൊളിസിലെ പൊലീസ് ഓഫീസർ ഡെറെക് ചൗവീനാണ് കാൽമുട്ടുകൊണ്ട് ശ്വാസംമുട്ടിച്ച് ജോർജ്ജിനെ വിഷമിപ്പിച്ചത്. വൈകാതെ ഹൃദയം സ്തംഭിച്ച് ബോധം നഷ്ടപ്പെട്ട ജോർജ്ജ് ഫ്ളോയിഡ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. തുടർന്ന് സംഭവത്തിൽ അമേരിക്കയാകെ വലിയ കലാപമാണ് ഉണ്ടായത്. വൈറ്റ്ഹൗസ് ലക്ഷ്യമാക്കിയെത്തിയ അക്രമകാരികളെ ഭയന്ന് ഭൂമിക്കടിയിലെ അറയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കുറച്ചുനേരം കഴിയേണ്ടിവന്നു.

ജോർജ്ജ് ഫ്ളോയിഡിന് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നെങ്കിലും ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ശ്വാസകോശത്തിന് പ്രശ്നങ്ങളൊന്നും പരിശോധനയിൽ കണ്ടെത്തിയില്ല. എന്നാൽ ഹൃദയത്തിന് കുഴപ്പങ്ങൾ കണ്ടു.