thozhil

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടികൾ മനഃപൂർവം പാലിക്കാത്ത പ്രവാസികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, 38 ഡിഗ്രിയിൽ ശരീരോഷ്മാവ് വർദ്ധിച്ചാൽ നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കൽ എന്നീ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെയാണ് നടപടി.

ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. 91,182 ആണ് സൗദിയിലെ ഇതുവരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം. 579 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

അതേസമയം, യുഎഇയിഷ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ട്. 571 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 427 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,359 ആയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 19,153 ആയി. 270 പേരാണ് ഇതുവരെ യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇളവുമായി ഖത്തറും

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ. സ്വകാര്യ മേഖലയുടെ പ്രവർത്തന സമയത്തിലുൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി നാലു പേർക്ക് യാത്ര ചെയ്യാം. നേരത്തെ രണ്ടു പേർക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. കുടുംബാംഗങ്ങളാണെങ്കിൽ സ്വകാര്യ വാഹനങ്ങളിൽ നാലിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യാം. സ്വകാര്യ മേഖലയിലെ ജോലി സമയം രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിലായിരിക്കണം. എന്നാൽ, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ബാർബർ ഷോപ്പുകൾ എന്നിവ അടഞ്ഞു കിടക്കും.