സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ മാർച്ചിലാണ് അതിന്റെ മുൻനിര സ്മാർട്ട്ഫോണായ ഫൈൻഡ് എക്സ് 2 സീരീസ് പുറത്തിറക്കിയത്. രാജ്യാന്തര വിപണിയിൽ ലോഞ്ച് ചെയ്തതെങ്കിലും ഇന്ത്യൻ വിപണിയിലേക്കുള്ള ഇതിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇന്ത്യൻ വിപണിയിലേക്കുള്ള ഇതിന്റെ വരവിനെ പറ്റി നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ അഭ്യൂഹങ്ങളെയും ലീക്ക് റിപ്പോർട്ടുകളെയും അവസാനിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.
ഓപ്പോ ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ജൂൺ 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ ഔദ്യോഗികമായി അറിയിച്ചു. ഈ മാസം തന്നെ ഫൈൻഡ് എക്സ് 2 സീരീസ് ലോഞ്ച് ചെയ്യുമെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി വെളിപ്പെടുത്തിയത്. ആമസോണിൽ സ്മാർട്ട്ഫോൺ ലഭ്യമാകുമ്പോൾ ഉപയോക്താക്കളെ അറിയിക്കാനുള്ള "നോട്ടിഫൈ മി" പേജ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്. ഓപ്പോ ഷെയർ ചെയ്ത ടീസറിൽ ലോഞ്ച് തീയതിയല്ലാതെ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല.
രണ്ട് സ്മാർട്ട്‌ഫോണുകളും ഇതിനകം ഇന്ത്യക്ക് പുറത്ത് വിപണിയിൽ എത്തിയിട്ടുള്ളതിനാൽ എല്ലാ സവിശേഷതകളും ഏകദേശം സമാനമാവാനാണ് സാധ്യത. ഈ സ്മാർട്ട്ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെയും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിൽ ഏത് വില വിഭാഗത്തിലാണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുകയെന്നും വ്യക്തമല്ല.
സവിശേഷതകൾ
ഓപ്പോ ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ സ്മാർട്ട്ഫോണുകൾ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ ചില സമാനതകളുണ്ട്. രണ്ട് ഡിവൈസുകളിലും ഒരു ക്യുഎച്ച്ഡി+ റെസലൂഷനുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ, ഡിസ്‌പ്ലേയിൽ ഒരു പഞ്ച്-ഹോളുമുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. എക്സ് 2 സീരീസ് സ്മാർട്ട്ഫോണുകൾ കളർ ഒഎസ് 7 യുഐ ഉപയോഗിച്ച് ടോപ്പ് ചെയ്ത ആൻഡ്രോയിഡ് 10 OSലാണ് പ്രവർത്തിക്കുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 865 ജി പ്രോസസറാണ്. 12 ജിബി റാമുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നത്.
ഓപ്പോ ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ സ്മാർട്ട്ഫോണുകളിലെ ക്യാമറ സെറ്റപ് വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ 48 എംപി സോണി ഐഎംഎക്സ് 486 സെൻസർ, 13 എംപി ടെലിഫോട്ടോ സെൻസർ, 12 എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോ മോഡലിൽ 48 എംപി സോണി ഐഎംഎക്സ് 689 സെൻസർ, 48 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 32 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്യാമറ സെറ്റപ്പും നൽകിയിരിക്കുന്നു. ഓപ്പോ ഫൈൻഡ് എക്സ് 2 സ്മാർട്ട്ഫോണിൽ 4,200 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്, ഫൈൻഡ് എക്സ് 2 പ്രോയിൽ 4,260 എംഎഎച്ച് ബാറ്ററി യൂണിറ്റും നൽകിയിട്ടുണ്ട്. രണ്ട് ഹാൻഡ്‌സെറ്റുകളും 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് വരുന്നത്. ഓപ്പോയുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സീരസ് ആകർഷകമായ സവിശേഷതകളോടെയാണ് ഇന്ത്യയിലും അവതരിപ്പിക്കുക. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിലയും വ്യക്തമല്ല.