കുവൈറ്റ് സിറ്റി:- രാജ്യത്ത് എഴുപത് ശതമാനത്തോളം വരുന്ന പ്രവാസി ജനസംഖ്യയെ 30 ശതമാനമായി ചുരുക്കാനൊരുങ്ങി കുവൈറ്റ്. ജനസംഖ്യാപരമായ അസമത്വത്തെ മാറ്റാനാണ് ഉദ്ദേശമെന്ന് കുവൈറ്ര് പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമ്മദ് അൽ സബാഹ് പറഞ്ഞു. ഏഷ്യൻ വംശജരും മധ്യേഷ്യൻ വംശജരുമാണ് ഇവിടെ ജനസംഖ്യയിൽ ഏറെ. 48 ലക്ഷം പേരാണ് കുവൈറ്റിലെ ജനസംഖ്യ. ഇതിൽ 33 ലക്ഷവും മറ്റ് നാടുകളിൽ നിന്ന് വന്നവരാണ്.
ജനസംഖ്യാ പരമായ ഈ അസന്തുലിതാവസ്ഥ മറികടക്കാനാണ് പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. മറ്റ് അയൽരാജ്യങ്ങളെപ്പോലെ കുവൈറ്റിന്റെ മുഖ്യ വരുമാനമായ എണ്ണവിപണി നഷ്ടങ്ങളെ നേരിടുന്നതും കൊവിഡ് രോഗ ഭീതിയുമാണ് ഇത്തരം തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനാണ് രാജ്യത്തിന്റെ ശ്രമം.
കൊവിഡ് രോഗത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞയാഴ്ച കുവൈറ്റ് എയർവെയ്സ് 1500ഓളം പ്രവാസി തൊഴിലാളികളെ നാടുകടത്തിയിരുന്നു.