തമിഴിൽ സൂര്യയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അപർണാ ബാലമുരളി. മലയാളത്തിൽ ഇടവേള വന്നതിനെക്കുറിച്ചും തമിഴ് സിനിമയുടെ വിശേഷങ്ങളും അപർണ പങ്കുവയ്ക്കുന്നു......
അയ്യോ മലയാളം വിട്ടിട്ടില്ല
'' സുധാ മാം (സംവിധായിക സുധാ കൊങ്കാര)പറഞ്ഞിട്ടായിരുന്നു ഞാൻ സൂരരൈ പോട്രുവിന്റെ ഓഡിഷന് പങ്കെടുക്കുന്നത്.ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നെ തിരഞ്ഞെടുത്തെന്ന് പറഞ്ഞപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ പേടിയായിരുന്നു. സൂര്യ സാറിനെ പോലെ ഇത്രയും വലിയ ഒരു നടന്റെ നായികയായി എന്ന കാര്യം എനിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. സൂര്യ സാറിനെ ആദ്യം കണ്ടപ്പോൾ നല്ല പേടിയായിരുന്നു. പക്ഷെ ഒപ്പമുള്ളവരെ പോലും തണുപ്പിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ചിത്രീകരണം തുടങ്ങിയപ്പോഴേക്കും എന്റെ പേടിയെല്ലാം മാറി "- ജിംസിയായി മലയാളികളുടെ മനം കവർന്ന തൃശ്ശൂരുകാരി അപർണ ബാലമുരളി ഇപ്പോൾ മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറി. തന്റെ മൂന്നാമത്തെ തമിഴ് ചിത്രം 'സൂരരൈ പോട്രു" വിന്റെ വിശേഷങ്ങളും സൂര്യയുമൊത്തുള്ള അനുഭവങ്ങളെല്ലാം ആദ്യമായി അപർണ പങ്കുവച്ചു.
സത്യം പറഞ്ഞാൽ കഴിഞ്ഞ രണ്ടു വർഷായി ഞാൻ ഈ സിനിമയുടെ പുറകിലാണ്.അത് കൂടാതെ ഞാനൊരു ആർക്കിടെക്ച്ചർ വിദ്യാർത്ഥിയാണ്. മൊത്തത്തിൽ നല്ല തിരക്കായത് കൊണ്ടാണ് മലയാളത്തിൽ സിനിമ ചെയ്യാൻ കഴിയാഞ്ഞത് .എനിക്ക് മലയാളവും തമിഴുമെല്ലാം ഒരേപോലെയാണ്. നല്ല സിനിമകൾ ചെയ്യുക എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അതിപ്പോൾ മലയാളമായാലും തമിഴായാലും മറ്റേത് ഭാഷയായാലും. നല്ല സിനിമകളുടെ ഭാഗമാക്കണം.
സൂരരൈ പോട്രുവിൽ എത്തിപ്പെട്ടത് ഇങ്ങനെ
സുധാ മാമുമായി ഞാൻ നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. സൂര്യയുടെ നായിക എന്ന ആകാംക്ഷയിലാണ് ഓഡിഷന് പങ്കെടുക്കുന്നത്. പക്ഷെ ആത്മവിശ്വാസം വളരെ കുറവായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഞാൻ ഈ സിനിമയുടെ പിറകിൽത്തന്നെയാണ് .
പെർഫെക്ട് കൂൾ സൂര്യ
തിരക്കഥ വായിക്കാൻ സൂര്യ സാറിനോട് ഒപ്പമാണ് ഇരുന്നത്. വല്ലാത്ത നെഞ്ചിടിപ്പായിരുന്നു അപ്പോൾ. ഇത്രയും ലാളിത്യമുള്ള മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാർ ഇതിന്റെ നിർമാതാവ് കൂടിയാണ്. ഒപ്പം നിൽക്കുന്ന എല്ലാ സഹ പ്രവർത്തകരെയും അദ്ദേഹം കംഫർട്ടാക്കാറുണ്ട്. സംവിധായകൻ പറയുന്ന സമയത്ത് മേക്കപ്പിട്ട് സാർ ലൊക്കേഷനിൽ എത്തും. അത് കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. വളരെ പ്രൊഫഷണലായി കാര്യങ്ങളെ നോക്കി കാണുന്ന വ്യക്തിയാണ് സൂര്യ സാർ. എന്നെ സാർ ഒരുപാട് സഹായിച്ചിരുന്നു ചിത്രീകരണ സമയത്ത്. ലൊക്കേഷനിലേക്ക് ഇടക്ക് ജോ മാംമും( നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക) വന്നിരുന്നു.മാം വളരെ നല്ല സ്നേഹമുള്ള സ്ത്രീയാണ് .
തടി കുറയ്ക്കാൻസമയം തന്നു
സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആദ്യം സുധാ മാം പറഞ്ഞത് തടി കുറയ്ക്കാനാണ്. അതിന് മാം ഒരുപാട് സമയം തന്നു. പൊതുവെ ഞാൻ ഭക്ഷണ പ്രിയയാണെന്ന് എല്ലാവർക്കും അറിയാം.അതുകൊണ്ട് തന്നെ ഡയറ്റ് കൺട്രോൾ ഉണ്ടായിരുന്നു. അതു തന്നെ പകുതി ആത്മവിശ്വാസം തന്നു. പിന്നീട് തിരക്കഥ വായിച്ചു പഠിച്ചു .അതുംകൂടെ കഴിഞ്ഞപ്പോൾ ഞാൻ സെറ്റായി. ചിത്രീകരണത്തിനായുള്ള ശക്തി വന്നു.ആ കഥാപാത്രത്തിന് വേണ്ടി മാറ്റി എടുക്കാൻ സുധാ മാം എന്നെ ഒരുപാട് സഹായിച്ചിരുന്നു . സാധാരണ തടി കുടിയെന്ന പേരിൽ ഒഴിവാക്കുകയാണ് പതിവ് , പക്ഷെ മാം എനിക്ക് എല്ലാത്തിനും സമയം തന്നിരുന്നു.
ജിംസിയും അനുവും പ്രിയപ്പെട്ടത്
എന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് മഹേഷിന്റെ പ്രതികാരവും , ബി ടെക്കും , സൺഡേ ഹോളിഡേയുമാണ് . ഞാൻ ചെയ്ത എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും ചേർത്ത് നിർത്തുന്നത് ഈ മൂന്ന് സിനിമകളാണ്. എന്റെ മിസ്(തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ ഭാര്യ ഉണ്ണിമായ അപർണയുടെ അദ്ധ്യാപികയായിരുന്നു ) പറഞ്ഞിട്ടാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡിഷന് പങ്കെടുക്കുന്നത്. ഇത്രയും വലിയൊരു ടീമിന്റെ കൂടെയാണ് സിനിമ ചെയ്യുന്നതെന്ന് ഓഡിഷനുപോകുമ്പോൾ അറിയില്ലായിരുന്നു. ജിംസിയെഎനിക്ക് കിട്ടിയത് വലിയ ഭാഗ്യമായിത്തോന്നി. സിനിമയിൽ എനിക്ക് കിട്ടിയ നല്ലൊരു തുടക്കം തന്നെയായിരുന്നു ജിംസി. അനുവും പ്രിയയുമെല്ലാം ഞാൻ ആസ്വദിച്ച് ചെയ്ത കഥാപാത്രങ്ങളാണ്.
നിരഞ്ജന കുടുംബം പോലെ
വളരെ കുറവാണ് സിനിമയിൽ നിന്നുള്ള സൗഹൃദങ്ങൾ. ഞാൻ സൗഹൃദം കാത്തു സൂക്ഷിക്കുന്ന മൂന്ന് പേരുണ്ട് . നിരഞ്ജന അനൂപ്, പുണ്യ എലിസബത്ത് , നമിത പ്രമോദ്. ഇവരുമായി ഞാൻ നല്ല കൂട്ടാണ്. നിരഞ്ജനയുമായി കുടുംബം പോലെയാണ് . അമ്മയുമായൊക്കെ നല്ല കൂട്ടാണ്.
മൂഡ് ഉള്ളപ്പോൾ സെൽഫി എടുക്കും
പുറത്തിറങ്ങുമ്പോൾ ആരാധകർ സെൽഫി എടുക്കാൻ വരുമ്പോൾ എന്റെ മൂഡ് അനുസരിച്ചാണ് അതിന് നിന്നുകൊടുക്കുക. ഒട്ടും മൂഡ് ഇല്ലാത്ത സമയത്താണേൽ പറ്റില്ല എന്ന് പറയും.