കുഞ്ഞുങ്ങളുടെ പാൽ പുഞ്ചിരി കാണാൻ തന്നെ എത്ര ഭംഗിയാണ്. പല്ലില്ലാത്ത മോണ കാട്ടിയുള്ള വാത്സല്യം നിറഞ്ഞ പുഞ്ചിരി ഹൃദ്യമാണ്. എന്നാൽ പല്ല് വന്ന് തുടങ്ങുന്നത് മുതലാണ് കുട്ടികളിൽ കൂടുതൽ ശ്രദ്ധ വേണ്ടത്. കുട്ടിക്കുറുമ്പും മധുരപ്രിയവുമാണ് പല്ലുകളെ പെട്ടെന്ന് കേട് വരുത്തുന്നത്. പൊതുവെ കുട്ടികളുടെ പല്ലുകൾ പെട്ടെന്ന് തന്നെ കേടാകും.
പല്ല് കേടാകാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്നാണ് അധികമായി മധുരം കഴിക്കുക എന്നത്. ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രധാനമാണ് പല്ലിന്റെ ആരോഗ്യവും. മധുര പ്രിയരായ കുട്ടികളിൽ മധുരം വില്ലനാകാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചോക്ലേറ്റുകളും മറ്റും വാങ്ങിക്കൊടുക്കുന്നതിന് ചില നിയന്ത്രണങ്ങൾ നിർബന്ധമായും വയ്ക്കേണ്ടതുണ്ട്. കൃത്യമായ ശ്രദ്ധ കൊടുത്ത് പരിപാലിക്കേണ്ടതാണ് കുഞ്ഞി പല്ലുകൾ. പല്ലു കിളിർത്തു വരുന്ന സമയത്താണ് കേട് പറ്റാനുള്ള സാധ്യത കൂടുതൽ. കുട്ടികളുടെ പല്ലിന് വില്ലനായ ചില ഭക്ഷണങ്ങ ശീലങ്ങളെ അടുത്തറിഞ്ഞാലോ?
മധുര പലഹാരങ്ങൾ
അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും മിഠായികളും കുട്ടികളുടെ പല്ലുകളെ പെട്ടെന്ന് തന്നെ കേടാക്കും. അതിനാൽ തന്നെ കുട്ടികൾക്ക് മിഠായി വാങ്ങി നൽകുന്നതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. അമിതമായ മിഠായികളുടെ ഉപയോഗം പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. വിപണിയിൽ ലഭിക്കുന്ന മിഠായികൾ അധികവും കൃത്രിമ മധുരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് പല്ലിലെ പോടുകൾക്ക് കാരണമാകും.
കേക്ക്, ബ്രഡ് തുടങ്ങിയവ
അമ്മമാർ കുട്ടികൾക്ക് ബ്രഡ്, കേക്ക് തുടങ്ങിയവ കഴിക്കാൻ കൊടുക്കുക പതിവാണ്. ഇത് കുട്ടിയുടെ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. ഇതിലെ സ്റ്റാർച്ച് കണ്ടന്റ് വായില്‍ വച്ച് ഷുഗർ ആയി മാറുകയും, വായിൽ പറ്റിയിരിക്കുന്ന തരത്തിലുള്ള ഭക്ഷണമായതിനാൽ ഇത് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തെ ഇല്ലാതാക്കാൻ കാരണമാകുന്നു.
പാക്കറ്റ് ഫുഡുകൾ
കുട്ടികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണിത്. ഇത്തരത്തിലുള്ള 'ക്രഞ്ചി' ആയ 'സ്‌നാക്‌സ്' കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തെ പൂർണ്ണമായും ബാധിക്കും. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറമുള്ള പാക്കറ്റിൽ വിൽക്കുന്ന
ക്രഞ്ചി സ്‌നാക്‌സ് കുട്ടികൾക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന 'റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇത് കൂടാതെ അറിവില്ലാത്ത പ്രായത്തിൽ കളിപ്പാട്ടങ്ങളും മറ്റും കടിക്കുന്നതും പല്ലിന് കേടാണ്. കുട്ടികളിൽ പരമാവധി പാൽ കുപ്പികൾ ഒഴിവാക്കുന്നതാണ് നല്ലത്. കാൽസ്യം കൂടുതലുള്ള ആഹാരം ശീലമാക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.