basu-chatterjee

 വിടവാങ്ങിയത് സമാന്തര സിനിമയിലെ അതുല്യ പ്രതിഭ

മുംബയ്: ഇടത്തരക്കാരുടെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് സൗമ്യമെങ്കിലും തീവ്രമായ ചലച്ചിത്ര ഭാഷ്യം നൽകി സമാന്തര സിനിമയുടെ ദീപസ്തംഭമായ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ബസു ചാറ്റർജി (93) അന്തരിച്ചു. ഭൗതിക ദേഹം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് മുംബയിലെ സാന്താക്രൂസ് ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഹിന്ദിക്ക് പുറമേ ബംഗാളി സിനിമയിലും കഴിവു തെളിയിച്ച അദ്ദേഹം ഏറെക്കാലമായി ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളുമുണ്ടായിരുന്നു.

ബാസു ചാറ്റർജിയുടെ വിയോഗത്തോടെ ഇന്ത്യൻ സമാന്തര സിനിമയിലെ ത്രിമൂർത്തികളിൽ അവസാനത്തെ ആളും വിടവാങ്ങി. ബാസു ഭട്ടാചാര്യയും ഹൃഷികേശ് മുഖർജിയുമായിരുന്നു മറ്റ് രണ്ട് പേർ.

ചിറ്റ് ചോർ,​ രജ്‌നീഗന്ധ,​ ബാത്തോം ബാത്തോം മേം,​ ഏക് രുകാ ഹുവാ ഫൈസലാ,​ പ്രിയതമ,​ സ്വാമി,​ അപ്നേ പരായേ,​ ജീനാ യഹാം,​ ഛോട്ടീ സി ബാത്ത്,​ ഖട്ടാ മീഠാ,​ ഷൗക്കീൻ തുടങ്ങിയവ ബസു ദായുടെ പ്രശസ്‌ത ചിത്രങ്ങളാണ്. 1986ൽ ഇറങ്ങിയ 'ചമേലി കി ശാദി" ആണ് വാണിജ്യ വിജയം നേടിയ അദ്ദേഹത്തിന്റെ അവസാന ചിത്രം.

ഹോതാത് ബൃഷ്‌ടി,​ ഹോച്ചേതാ കീ,​ ഹോതാത് ഷീ ദിൻ തുടങ്ങിയവ അദ്ദേഹത്തിന്റെ ബംഗാളി സിനിമകളാണ്. നർമ്മം അദ്ദേഹത്തിന്റെ സിനിമകളുടെ സവിശേഷതയായിരുന്നു.

അമോൽ പലേക്കർ,​ ഗിരീഷ് കർണാട്,​ ശബനാ ആസ്‌മി,​ സറീന വഹാബ്,​ വിദ്യാ സിൻഹ തുടങ്ങിയ താരങ്ങളുടെ മികച്ച ചില പ്രകടനങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലായിരുന്നു. ബസിൽ യാത്ര ചെയ്യുന്ന നായകരും ഓഫീസിലും കാന്റീനിലും ലോക്കൽ ട്രെയിനിലും മൊട്ടിടുന്ന പ്രണയവും മധുരം കിനിയുന്ന ഗാനങ്ങളും ഇടത്തരക്കാരന്റെ ധർമ്മസങ്കടങ്ങളും ബസുദായുടെ ചിത്രങ്ങളിൽ അടിയൊഴുക്കായി നിന്നു. ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചന്റെ ക്ഷുഭിതയൗവനവും പ്രതികാരവുമൊക്കെ ജീവിതത്തേക്കാൾ വലിയ ചിത്രങ്ങളായി നിന്ന കാലത്താണ് മനുഷ്യ ജീവിതത്തിന്റെ നൈ‌ർമ്മല്യവും സങ്കീർണതകളും വരച്ചിട്ട ബസുദാ സിനിമകൾ പ്രേക്ഷകമനസ് കീഴടക്കിയത്.

രാജസ്ഥാനിലെ അജ്മീറിലാണ് ബാസു ചാറ്റർജിയുടെ ജനനം. കാർട്ടൂണിസ്റ്റും ഇലസ്‌ട്രേറ്ററുമായി ജീവിതം ആരംഭിച്ച അദ്ദേഹം ബാസു ഭട്ടാചാര്യയുടെ അസിസ്റ്റന്റായാണ് സിനിമയിൽ എത്തുന്നത്. രാജ് കപൂറും വഹീദാ റഹ്‌മാനും അഭിനയിച്ച 'തീസരീ കസം" ആയിരുന്നു ചിത്രം. 1969ൽ സാരാ ആകാശ് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

 യേശുദാസിന്റെ ഹിന്ദി അരങ്ങേറ്റം

സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ യേശുദാസ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ബസു ദായുടെ പ്രതിഭ വിഹരിച്ച 'ചിറ്റ്ചോർ' എന്ന സിനിമയിലാണ്. രവീന്ദ്രജയിനിന്റെ സംഗീതത്തിൽ ചിറ്റ് ചോറിലെ നാല് തകർപ്പൻ ഗാനങ്ങളാണ് ബസുദാ യേശുദാസിന് നൽകിയത്. അതിൽ 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ" എന്ന ഗാനത്തിന് ദേശീയ അവാ‌ഡും ഫിലിം ഫെയർ അവാർഡും യേശുദാസ് നേടി. ബസു ദായുടെ സ്വാമി എന്ന സിനിമയിൽ യേശുദാസ് പാടിയ 'കാ കരൂം സജിനി" എന്ന ഗാനവും 'ഛോട്ടീ സി ബാത്ത്" എന്ന സിനിമയിൽ ആശാ ഭോസ്‌ലെയ്ക്കൊപ്പം യേശുദാസ് പാടിയ ജാനേ മൻ,​ ജാനേ മൻ,​ തേരേ തദോ നയൻ എന്ന ഗാനവും സൂപ്പർ ഹിറ്റായി. രവീന്ദ്ര ജയിൻ എന്ന അന്ധനായ സംഗീത പ്രതിഭയ്‌ക്ക് ചിറ്റ്ചോറിലൂടെ ആദ്യമായി അവസരം നൽകിയത് ബസു ദാ ആണ്. അതങ്ങ് പൊലിക്കുകയും ചെയ്‌തു.