സ്വാദിഷ്ഠമായ കപ്പ ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളമൂറും. ഇനി കപ്പ ബിരിയാണി കഴിയ്ക്കണമെന്ന് തോന്നുമ്പോൾ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വീട്ടിലിരുന്ന് എങ്ങനെ കപ്പ ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
കപ്പ - അര കിലോ
ബീഫ് - അര കിലോ
ചെറിയ ഉള്ളി - 6 എണ്ണം
ഗരംമസാല - അര ടീസ്പൂൺ
മുളക് പൊടി - ഒരു ടീസ്പൂൺ
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂൺ
പച്ചമുളക് ചതച്ചത് - ഒരു ടീസ്പൂൺ
കുരുമുളക് പൊടി - ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
സവാള - ഒന്ന്
മല്ലിപ്പൊടി - അര ടീസ്പൂൺ
വെളുത്തുള്ളി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - മൂന്ന് തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ ആദ്യം മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിച്ച് വെള്ളം കളഞ്ഞ് വെയ്ക്കണം. പിന്നീട് ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം അൽപം വെളിച്ചെണ്ണയൊഴിച്ച് മുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയിൽ ഇഞ്ചി ചതച്ചത്, പച്ചമുളക് ചതച്ചത്, ചെറിയ ഉള്ളി അരിഞ്ഞത്, കുരുമുളക് പൊടി എന്നിവ പകുതി ചേർത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിന് ശേഷം ബീഫും കൂടി ചേർത്ത് നന്നായി വഴറ്റുക. പിന്നീട് വേറൊരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറുത്തെടുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിയ്ക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ബാക്കി ചതച്ചതിൽ അൽപം കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. വഴറ്റി വന്നാൽ വേവിച്ച് മാറ്റി വെച്ചിരിയ്ക്കുന്ന ബീഫ് കൂടി ചേർക്കാം. ഇത് 15 മിനിറ്റ് വേവിച്ച ശേഷം കപ്പ വേവിച്ചതും കൂടി ചേർത്ത് ഇളക്കുക. പാകമായാൽ മാറ്റി വെയ്ക്കാം. കപ്പ ബിരിയാണി റെഡി.