വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയപൊളിസിൽ വെള്ളക്കാരനായ പൊലീസുകാരൻ ക്രൂരമായി കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന് നീതിതേടി നടക്കുന്ന വൻപ്രക്ഷോഭം ഒമ്പതാംദിനത്തിലേക്ക്. പതിനായിരങ്ങൾ കഴിഞ്ഞ രാത്രിയും പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളിൽ കർഫ്യൂ പൂർണമായും പിൻവലിക്കാനായിട്ടില്ല.
അതേസമയം, ഫ്ലോയിഡിന്റെ കൊവിഡ് പരിശോധനഫലം പൊസിറ്റീവായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദി ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിലിൽ ഫ്ലോയിഡിന് കൊവിഡ് ബാധിച്ചിരുന്നതായാണ് റിപ്പോർട്ടിലെ പരാമർശം. ഏപ്രിൽ മൂന്നിനാണ് 46 കാരനായ ഫ്ലോയിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇത് പ്രകാരം ഫ്ലോയിഡ് രോഗ ബാധിതനായിരുന്നുവെന്ന് ഹെന്നെപിൻ കൗണ്ടി മെഡിക്കൽ പരിശോധകന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഫ്ലോയിഡിന്റെ മരണത്തിൽ രോഗത്തിന് പങ്കില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
പ്രതിഷേധം കനത്ത വാഷിംഗ്ടൺ ഡി.സി.യിൽ വീണ്ടും സൈന്യമിറങ്ങി. വൈറ്റ്ഹൗസിനുനേരെ നീങ്ങിയ പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ ഹെലികോപ്ടറുകളും എത്തി. പ്രതിഷേധക്കാർ കർഫ്യൂ ലംഘിച്ചതോടെ ന്യൂയോർക്കിലെ മൻഹാട്ടൻ ജില്ലയിൽ ഗതാഗതം നിരോധിച്ചു. ഇവിടെ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടി. ലോസ് ആഞ്ജലിസ്, ഫിലാഡൽഫിയ, അറ്റ്ലാന്റ, സീറ്റിൽ, മിനിയാപൊളീസ് എന്നിവിടങ്ങളിൽ വലിയ റാലികൾ നടന്നു.
അജ്ഞാതർ ഗാന്ധിപ്രതിമ നശിപ്പിച്ചു
വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്പ്രേ പെയിന്റ് അടിച്ചും കുത്തിവരച്ചും നശിപ്പിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകർത്തത്.
സംഭവത്തിൽ യു.എസ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം,
ഗാന്ധി പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡർ കെൻ ജസ്റ്റർ പറഞ്ഞു. 'ഗാന്ധി പ്രതിമ തകർക്കപ്പെട്ടതിൽ ക്ഷമചോദിക്കുന്നു. ഞങ്ങളുടെ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിക്കണം.ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവവും അതിനു പിന്നാലെയുണ്ടായ അക്രമവും ക്രൂരതയും ഭയപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലമുള്ള മുൻവിധികൾക്കും വിവേചനത്തിനും എതിരാണ് ഞങ്ങൾ. ഞങ്ങള് അത് തിരിച്ചുകൊണ്ടുവരികയും ശരിയാക്കുകയും ചെയ്യും.' - ജസ്റ്റർ ട്വിറ്ററിൽ കുറിച്ചു.
പ്രക്ഷോഭകർക്കൊപ്പം ട്രംപിന്റെ മകളും മുൻഭാര്യയും
ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ച് ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. വാഷിംഗ്ടൺ ഡി.സിയിൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് ടിഫാനി സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചത്. ഹെലൻ കെല്ലറുടെ വാക്കുകളായ 'Alone we can achieve so little; together we can achieve so much" എന്ന വാക്കുകൾക്കൊപ്പം ജോർജ് ഫ്ളോയിഡിന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ #blackoutTuesday #justiceforgeorgefloyd എന്നിവ കൂടി കുറിച്ചുകൊണ്ടാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്. കറുത്ത സ്ക്രീൻ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രംപിന്റെ മുൻ ഭാര്യയും ടിഫാനിയുടെ അമ്മയുമായ മാർല മേപ്പിൾസും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.