scott-morison

ന്യൂഡൽഹി, കാൻബറ: ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിൽ നിർണായക സൈനിക കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ആസ്‌ട്രേലിയയും ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മിൽ നടന്ന വിർച്വൽ കൂടിക്കാഴ്ചക്കിടെയാണ് കരാർ ഒപ്പുവച്ചത്. ഇതുൾപ്പെടെ ഏഴ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇതാദ്യമായാണ് ഒരു വിദേശ ഭരണാധികാരിയുമായി മോദി ഉഭയകക്ഷി ചർച്ച വിർച്വലായി നടത്തുന്നത്. ഇന്ത്യ-ആസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക എന്നാണ് മോദി ഈ ചർച്ചയെ വിശേഷിപ്പിച്ചത്.

കരാർ പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകൾക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങൾ ഉപയോഗിക്കാം. യുദ്ധക്കപ്പലുകൾക്കും യുദ്ധ വിമാനങ്ങൾക്കും സേനാ താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ഇതുവഴി സാധിക്കും. മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.

ആസ്‌ട്രേലിയയ്ക്കു മുമ്പ് അമേരിക്കയുമായും സമാനമായ കരാർ നേരത്തെ ഇന്ത്യ ഒപ്പുവച്ചിരുന്നു.

മികച്ച ചർച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാദ്ധ്യകളേപ്പറ്റിയും തങ്ങൾ സംസാരിച്ചെന്നും മോദി പിന്നീട് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ അവസരാമായി കാണാനാണ് ഈ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മേഖലയിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിഘട്ടത്തിൽ ആസ്‌ട്രേലിയയിലുള്ള ഇന്ത്യൻ സമൂഹത്തിനെ സംരക്ഷിക്കുന്നതിന് മോദി ആസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് നന്ദി അർപ്പിച്ചു.