ടൊയോട്ട ഇന്ത്യ ബി.എസ് 6 ഫോർച്യൂണറിന്റെ വില കൂട്ടി. ബിഎസ് -6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പഴയ ടൊയോട്ട ഫോർച്യൂണർ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയത്. അന്ന് മോഡലിന് വില വർധിപ്പിക്കാതിരുന്ന ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ 48,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
ടൊയോട്ട ഫോർച്യൂണർ ബിഎസ് 6ന് ഇപ്പോൾ 28.66 ലക്ഷം മുതൽ 34.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നേരത്തെ ഇത് 28.18 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയായിരുന്നു. മിഡ് സൈസ് എസ്‌യുവിയുടെ എല്ലാ കോൺഫിഗറേഷനുകൾക്കും സമാന വില വർധനവ് ബാധകമാണ്.
2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഫോർച്യൂണറിനുള്ളത്. പവർ ഔട്ട് പുട്ടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ് ഇതിൽ ശ്രദ്ധേയമായത്. 2009 ൽ പുറത്തെത്തിയ നാൾ മുതൽ ഇന്ത്യയിലെ ഫുൾ സൈസ് എസ്.യു.വികളുടെ രാജാവായി തുടരുകയാണ് ഈ ജാപ്പനീസ് കാർ. ഫോർഡ് എൻഡവർ തന്നെയാണ് ഇതിന്റെ ഏറ്റവും അടുത്ത എതിരാളി.