flight

ബീജിംഗ്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച വിദേശവിമാന സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിക്കുമെന്ന് ചൈന. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ ചൈനാ വിമാനയാത്രകൾക്കും അമേരിക്ക വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണിത്. ഈ മാസം 16 മുതൽ ചൈനീസ് കമ്പനികളുടെ വിമാനങ്ങൾക്ക് അമേരിക്കയിലേക്ക് പറക്കാനോ, അമേരിക്കയിൽനിന്ന് പറന്നുയരാനോ കഴിയില്ല. ചൈനയുടെ നാല് വ്യോമ കമ്പനികൾക്കാണ് അമേരിക്കൻ ഗതാഗത മന്ത്രാലയം അനുമതി നിഷേധിച്ചത്. നേരത്തെ അമേരിക്കൻ വിമാനകമ്പനികളായ യുണൈറ്റഡ് എയർലൈൻസിനും ഡെൽറ്റ എയർലൈൻസിനും ചൈന അനുമതി നിഷേധിച്ചിരുന്നു.