തിരുവനന്തപുരം: ആശങ്ക ഉയർത്തികൊണ്ട് ഇന്ന് സംസ്ഥാനത്ത് 94 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ 14 പേർക്കും, കാസർകോഡ് 12 പേർക്കും, കൊല്ലത്ത് 11 പേർക്കും, കോഴിക്കോട് 10 പേർക്കും, ആലപ്പുഴയിലും മലപ്പുറത്തും എട്ട് പേർക്ക് വീതവും, പാലക്കാട്ട് ഏഴ് പേർക്കും കണ്ണൂരിൽ ആറ് പേർക്കും, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ അഞ്ച് പേർക്ക് വീതവും, തൃശൂരിൽ നാല് പേർക്കു, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ രണ്ട് പേർക്ക് വീതവും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ 47 പേർ വിദേശത്തുനിന്നും വന്നവരും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. മഹാരാഷ്ട്രയിൽ നിന്നും 23 പേർ, തമിഴ്‌നാട്ടിൽ നിന്നും എട്ട് പേർ, ഡൽഹി മൂന്ന്, ഗുജറാത്ത് രണ്ട്, രാജസ്ഥാൻ ഒന്ന് എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുടെ കണക്കുകൾ. സമ്പർക്കത്തിലൂടെ ഏഴ് പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
അതേസമയം കേരളത്തിൽ ഇന്ന് മൂന്ന് പേർ കൊവിഡ് രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്. അബുദാബിയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ഷബ്നാസ്, ചെന്നൈയിൽനിന്ന് സംസ്ഥാനത്തേക്ക് എത്തിയ പാലക്കാട് സ്വദേശി മീനാക്ഷി അമ്മ, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് കൊവിഡ് മൂലം മരണമടഞ്ഞത്.
ഇന്ന് 39 പേർക്ക് കൊവിഡ് രോഗം ഭേദമായിട്ടുമുണ്ട്. പാലക്കാട്ട് 13 പേർ, മലപ്പുറത്ത് എട്ട് പേർ, കണ്ണൂരിൽ ഏഴ് പേർ, കോഴിക്കോട്ട് അഞ്ച് പേർ, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ രണ്ട് പേർക്ക് വീതവും. തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവും രോഗം ഭേദമായിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് 3787 സാംപിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ചത്. അതിൽ 884 പേർ ഇപ്പോൾ ചികില്‍സയിലാണ്.
170065 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 168578 പേർ വീടുകളിലും 1487 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് അവലോകന വാർത്താ യോഗത്തിനുശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തിന്റെ കൊവിഡ് നില അറിയിച്ചത്.