പത്തനംതിട്ട: പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം വനത്തിലേക്ക് മാറ്റിത്തുടങ്ങി.
പൊതുമേഖലാ സ്ഥാപനമായ ക്ളെയിസ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് പിൻമാറിയ സാഹചര്യത്തിൽ, പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ വിഭാഗമാണ് മണൽ നീക്കുന്നത്. ജില്ലാ കളക്ടർ പി.ബി.നൂഹും ഗൂഡ്രിക്കൽ റേഞ്ച് ഒാഫീസർ എസ്.മണിയും റവന്യു ഉദ്യോഗസ്ഥരും ഇന്നലെ പമ്പയിലെത്തിയിരുന്നു. പമ്പ ത്രിവേണയിലെ 170 ക്യുബിക് മീറ്റർ മണൽ മൂന്ന് ജെ.സി.ബി ഉപയോഗിച്ച് 30 ലോറികളിലാണ് മാറ്റിയത്. 1,29000 ക്യുബിക് മീറ്റർ മണ്ണും ചെളിയും നീക്കാനാണ് ശ്രമം.പമ്പയിൽ നിന്ന് മണൽ പുറത്തേക്ക് കൊണ്ടുപോകുന്നത് കഴിഞ്ഞ ദിവസം തടഞ്ഞ വനംവകുപ്പ് ,മണൽ രണ്ട് കിലോമീറ്ററിനുള്ളിൽ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് അറിയിച്ചിരുന്നു.
വിരമിക്കുന്നതിന് തൊട്ടുമുമ്പ് മുൻ ചീഫ്സെക്രട്ടറി ടോംജോസാണ് മണലെടുക്കുന്നതിന് നിർദ്ദേശം നൽകിയത്. ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കും, പുതിയചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കുമൊപ്പം ടോംജോസ് പമ്പയിൽ ഹെലികോപ്ടറിലെത്തിയതും, ക്ളെയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സിന് കരാർ നൽകിയതും വിവാദമായിരുന്നു. മണൽവാരലിൽ അഴിമതി ആരോപിച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട കളക്ടറേറ്റ് ഉപരോധിച്ചു.