ലണ്ടൻ: 2009ൽ പാകിസ്ഥാനിൽ വച്ച് ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായപ്പോൾ ഗുരുതര പ്രശ്‌നങ്ങളില്ലാതെ തങ്ങൾ രക്ഷപ്പെടാൻ കാരണം ബസ് ഡ്രൈവറുടെ സമചിത്തതയോടെയുള്ള ഇടപെടലാണെന്ന് അന്നത്തെ ലങ്കൻ നായകൻ കുമാർ സംഗക്കാര. സ്കൈ സ്‌പോർട്‌സിന് അനുവദിച്ച അഭിമുഖത്തിലാണ് സംഗക്കാര ആ ഉദ്വേഗഭരിതമായ നിമിഷങ്ങൾ വീണ്ടും ഓർത്തെടുത്തത്. ആക്രമണം ഉണ്ടായപ്പോൾ ഭയപ്പെടാതെ ധൈര്യത്തോടെ ഡ്രൈവ് ചെയ്ത് ഭീകരരിൽ നിന്ന് തങ്ങളെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ച ആ ഡ്രൈവറാണ് യഥാർത്ഥ ഹീറോയെന്ന് സംഗക്കാര അഭിമുഖത്തിൽ വ്യക്തമാക്കി.
സംഗയുടെ വാക്കുകളിൽ നിന്ന്:
പോയത് പേടിയോടെ
ആ സമയത്ത് പാകിസ്ഥാനിൽ പോകുന്നവർക്കെല്ലാം സുരക്ഷയുടെ കാര്യത്തിൽ വലിയ ഭയമുണ്ടായിരുന്നു. ടീം മാനേജ്മെന്റിനെ ഇക്കാര്യം അറിയിച്ചിരുന്നു. ഇൻഷുറൻസുൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്രിയും ടീം മാനേജ്മെന്റിനോട് സംസാരിച്ചിരുന്നു. ഏറ്രവും ഉയർന്ന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ഞങ്ങൾ പോയത്.
പറഞ്ഞതുപോലെ തന്നെ
ബസിൽ ഞങ്ങളെല്ലാം സന്തോഷത്തോടെ തമാശ പറഞ്ഞ് ഗ്രൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. സ്‌റ്രേഡിയത്തിന് അടുത്തെത്താറായി. അപ്പോൾ ടീമിലുണ്ടായിരുന്ന ഒരു ബൗളർ വെറുതേ പറഞ്ഞു. ഇവിടത്തെ വിക്കറ്ര് ഫ്ലാറ്രാണ്. പരിക്കേൽക്കാൻ സാധ്യതയുണ്ട്. വല്ല ബോംബ് സ്ഫോടനമോ മറ്രോ ഉണ്ടായിരുന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു. അവനിത് പറഞ്ഞയുടൻ തന്നെ ബസിന്റെ മുൻഭാഗത്ത് വലിയ ശബ്ദം കേട്ടു. റോഡിൽ ആരോ പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. മുൻസീറ്റിൽ ഉണ്ടായിരുന്ന ടീമിന്റെ ഉഴിച്ചിൽ വിദഗദ്ധൻ കുറെപ്പേർ വെടിവയ്ക്കുന്നു എല്ലാവരും നിലത്ത് കിടക്കൂവെന്ന് ഉച്ചത്തിൽ അലറി വിളിച്ചതോടെയാണ് ഞങ്ങൾക്ക് അപകടം ബോദ്ധ്യമായത്. തിലകരത്നെ ദിൽഷനും ഓപ്പണർ തരംഗ പരണവിതാനയും മുൻവശത്തെ സീറ്രിലായിരുന്നു. ജയവർദ്ധനെയും മുരളീധരനും എന്റെ പിറകിലുള്ള സീറ്രിലും. ഞങ്ങൾ ബസിന്റെ സീറ്രുകൾക്കിടയിലുള്ള ഇടനാഴിയിൽ ഒളിച്ചു. അവർ പുറത്ത് നിന്ന് തുരുതുരാ വെടിവച്ചു. ഗ്രനേഡുകൾ വലിച്ചെറിഞ്ഞു. റോക്കറ്റ് ലോഞ്ചറും ഉപയോഗിച്ചു. എങ്ങനെ ജീവനോടെ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും അറിയില്ല.
സല്യൂട്ട് ഡ്രൈവർ
അവർ ഡ്രൈവർക്ക് നേരെയും വെടിവെച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വെടിയുണ്ട അദ്ദേഹത്തിന്റെ ദേഹത്ത് കൊള്ളാതെ പോയത്. ചീളുകൾ ദേഹത്ത് വീണു. പതറാതെ വണ്ടിയോടിച്ച് അദ്ദേഹം ഞങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. സാധാരണ മൂന്നാല് തവണ മുന്നോട്ടും പിന്നോട്ടുമെടുത്താണ് ഡ്രൈവർ ബസ് സ്റ്രേഡിയത്തിലെ ഇടുങ്ങിയ ഗേറ്ര് കടത്തി ഉള്ളിലെത്തിക്കുന്നത്. എന്നാൽ ആ ദിവസം ആദ്യ ശ്രമത്തിൽത്തന്നെ അദ്ദേഹം ബസ് ഗേറ്ര് കടത്തി ഞങ്ങളെ ഗ്രൗണ്ടിന് നടുക്ക് സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഞങ്ങളിപ്പോൾ ജീവനോടിരിക്കുന്നത് അദ്ദേഹത്തിന്റെ ആത്മധൈര്യം കൊണ്ടാണ്.
എനിക്കും പരണവിതാനയ്ക്കും സമരവീരയ്ക്കും മെൻഡിസിനും ജയവദ്ധനെയ്ക്കും വാസിനും പരിക്കേറ്രു. അവിടത്തെ സുരക്ഷാ സേന അത്ര മികച്ചതല്ലായിരുന്നെങ്കിലും ഞങ്ങളുടെ സംരക്ഷണത്തിനായി നന്നായി പൊരുതി. ചിലർക്ക് ജീവൻ നഷ്ടമായത് വലിയ ദു:ഖമായി.
ആ ഭീകരാക്രമണം
2009 മാർച്ച് 3ന് പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്ത് ശ്രീലങ്കൻ ക്രിക്കറ്ര് ടീം സഞ്ചരിക്കുകയായിരുന്ന ബസിനു നേരെ പന്ത്രണ്ടോളം വരുന്ന ആയുധധാരികൾ നിറയൊഴിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കു വേണ്ടി കളിക്കാർ ബസിൽ വരുമ്പോഴാണ് ആക്രമണം. ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരുക്കേൽക്കുകയും 5 പോലീസുകാർ മരിക്കുകയും ചെയ്തു. ആക്രമണസ്ഥലത്തുനിന്നും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തി.