തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾക്കായി സർക്കാർ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ എട്ടു മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മേയ് 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ ഇതുവരെ പ്രസദ്ധീകരിച്ചിട്ടില്ല.
അതേസമയം ആരാധനായങ്ങൾ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് വിവിധ മതവിഭാഗങ്ങളുമായും മത സംഘടനകളുമായും മതനേതാക്കളുമായും വീഡിയോ കോൺഫറൻസ് മുഖേന ചർച്ച നടത്തിയിരുന്നു. ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകുമെന്നും അത് ഇന്നത്തെ സാഹചര്യത്തിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാടിനോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത എല്ലാ മതനേതാക്കളും അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളിൽ വരുന്നവരിൽ സാധാരണഗതിയിൽ നിരവധി മുതിർന്ന പൗരന്മാരും മറ്റ് രോഗങ്ങൾ ഉള്ളവരും ഉണ്ടാകും. റിവേഴ്‌സ് ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരിക്കുന്ന ഇവർ ആരാധനാലയങ്ങളിൽ എത്തുന്നത് അപകടമാണെന്നാണ് സർക്കാർ കരുതുന്നത്. അവർക്ക് കൊവിഡ് രോഗം പെട്ടെന്ന് പിടിപെടാൻ ഇടയുണ്ട്. രോഗം പിടിപ്പെട്ടാൽ ഇവരെ സുഖപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. പ്രായമേറിയവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും കൊവിഡ് മരണനിരക്ക് കൂടുതലാണെന്നത് ഗൗരവത്തോടെ കാണണം. അതിനാല്‍ ഈ വിഭാഗം ആളുകൾക്ക് ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് മതമേധാവികൾ പൊതുവേ യോജിപ്പാണ് അറിയിച്ചത്.
നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് മാർഗനിർദ്ദേശങ്ങൾ വന്നാൽ മാത്രമേ തീരുമാനിക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.