ചേർത്തല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം സൃഷ്ടിക്കാൻ താഴേത്തട്ടുമുതൽ സുശക്തമായ കർമ്മ പരിപാടികൾ ആവിഷ്‌കരിക്കാൻ ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൂടുവാനും തീരുമാനിച്ചു.
ടി.വി. ബാബു അനുസ്മരണം
സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ടി.വി. ബാബു എന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അനുസ്മരിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി.വി. ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് സാങ്കേതികമായി ഉണ്ടായ തടസങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്റിയെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്റിയെയും ആഭ്യന്തര മന്ത്റിയെയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ ഗുരുദേവ ദർശനത്തിനു പ്രചാരണം നൽകുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. ഐ.ടി.ഡി.സിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതാണെന്നും തുഷാർ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ, അഡ്വ. സംഗീത വിശ്വനാഥ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, എ.എൻ. അനുരാഗ്, വി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാർത്തികേയൻ, സന്ദീപ് പച്ചയിൽ, ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, കെ.കെ. ബിനു, തഴവ സഹദേവൻ എന്നിവർ പങ്കെടുത്തു.
കത്തയച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൻ.ഡി.എയുടെ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി, കേരളഘടകം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന് കത്ത് നൽകി.