റിയാദ്: ഇമാമിന് കൊവിഡ് രോഗബാധയെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിൽ തുറന്ന പള്ളി അടച്ചു. കിഴക്കൻ സൗദി അറേബ്യൻ നഗരമായ ദമാമിലെ മസ്ജിദാണ് ഇപ്പോൾ അടച്ചിരിക്കുന്നത്. കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിലും ജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി മെക്കയിലൊഴിച്ച് രാജ്യത്ത് ഒൻപത് ലക്ഷം പള്ളികൾ ഒരാഴ്ച മുൻപ് തുറന്നിരുന്നു.
കൊവിഡ് പ്രതിരോധ മാർഗമായാണ് പള്ളികൾ രാജ്യം അടച്ചത്. തനിക്ക് പകർച്ചവ്യാധി ഉള്ളതായി സംശയിക്കുന്നുവെന്ന് ഇമാം വാട്സാപ്പ് വഴി പള്ളിയുമായി ബന്ധപ്പെട്ടവർക്കും സർക്കാരിലെ ഇസ്‌ലാമിക് അഫയേഴ്‌സ് വകുപ്പിന്റെ കിഴക്കൻ പ്രദേശത്തെ ശാഖയ്ക്കും സന്ദേശമയച്ചിരുന്നു.
ഇമാമിനെയും പള്ളി മുക്രിയെയും പ്രാർത്ഥനകളിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണെന്നും ദമാമിലെ ആരാധനാലയ ഡയറക്ടറേറ്റ് തലവൻ അഹമ്മദ് അൽ മഹസിർ പറഞ്ഞു. പള്ളി അടച്ചിട്ടിരിക്കുന്ന സമയത്ത് കെട്ടിടം അണുവിമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.