തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട്ട് ഗർഭിണിയായ ആന ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിണ്ടാപ്രാണിയുടെ നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പെയിനാണ് നടക്കുന്നത്. മലപ്പുറത്തല്ല, പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. കേരളത്തെയും മലപ്പുറത്തെയും അപകീർത്തിപ്പെടുത്താൻ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നത് ശരിയല്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നേടിയ ഖ്യാതി ഈ സംഭവത്തിന്റെ പേരിൽ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പരത്താനും കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് വ്യാമോഹം മാത്രമാണ്. മേനകാഗാന്ധി ഇതേക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെങ്കിൽ അവർക്ക് തിരുത്താം. എന്നാൽ തിരുത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ അവർ ബോധപൂർവ്വം പറഞ്ഞതാണെന്നുവേണം കരുതാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഫോടകവസ്തു വായയിൽ പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ല മൃഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തിൽ പ്രസിദ്ധമാണെന്നായിരുന്നു മേനക ഗാന്ധിയുടെ ആരോപണം. അതേസമയം, ആന ചെരിഞ്ഞ സംഭവത്തിൽ പൊലീസും വനംവകുപ്പും സംയുക്ത അന്വേഷണം നടത്തും. മണ്ണാർക്കാട് ഡി.എഫ്.ഒ, ഷൊർണൂർ ഡി.വൈ.എഫ്.ഐ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്കും. നിലമ്പൂർ മുതൽ മണ്ണാർക്കാട് വരെയുള്ള തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.