ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ പത്ത് വർഷത്തേക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലക്ക്. 2,550 വിദേശികൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് തലവൻ മൗലാന സാദ്, അദ്ദേഹത്തിന്റെ മകൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടപടി വന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ മാസം 960 വിദേശ തബ്‌ലിഗ് അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവരെ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രവേശന വിലക്ക് നേരിടുന്നവരിൽ നാലുപേർ അമേരിക്കൻ പൗരന്മാരും ഒമ്പത് പേർ ബ്രിട്ടീഷ പൗരത്വമുള്ളവരുമാണ്. ആറ് ചൈനക്കാർക്കും വിലക്കുണ്ട്. ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളിൽ പലരും ഇന്ത്യയിലെത്തിയത്. ഈ വിസയിലെത്തുന്നവർക്ക് മതപരമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ അനുവാദമില്ല. ഇതേതുടർന്ന് ഫോറിനേഴ്‌സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
ഏകദേശം 9,000 ആളുകളാണ് ഡൽഹിയിലെ നിസാമുദീൻ മർക്കസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തത്. മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി ചിലർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. ഇതുവഴി നിരവധി ആളുകളിൽ രോഗപ്പകർച്ച ഉണ്ടാകാനുള്ള സാധ്യത കണക്കുകൂട്ടിയിരുന്നു.