തിരുവനന്തപുരം: വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുൾപ്പെടെ ആവശ്യമായ മുൻകരുതലുകളെടുത്ത് ആരാധനാലയങ്ങൾ തുറക്കാൻ മതമേലദ്ധ്യക്ഷരും, മതസംഘടനാ നേതാക്കളും, മതസ്ഥാപന മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി.
ഈ മാസം എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി.സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളോടും യോജിപ്പാണെന്ന് മതമേലദ്ധ്യക്ഷരും മതനേതാക്കളും അറിയിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര മാർഗനിർദ്ദേശങ്ങൾ വന്ന ശേഷം തീരുമാനമെടുക്കും. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം നേതാക്കളുമായി വെവ്വേറെയായിരുന്നു വീഡിയോ കോൺഫറൻസ്. മുതിർന്ന പൗരന്മാർക്ക് പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോടും മതനേതാക്കൾ യോജിച്ചു. റിവേഴ്സ് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുന്നവർ ആരാധനാലയങ്ങളിലെത്തുന്നത് അപകടകരമാണ്. പുറത്തിറങ്ങിയാൽ ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടും. . മതനേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും.
പുതിയ ഇളവുകളിലെ നിയന്ത്രണങ്ങൾ
ന്യൂഡൽഹി: പുതിയ ഇളവുകൾ നിലവിൽ വരുന്ന ജൂൺ എട്ടുമുതൽ പ്രവർത്തിക്കാൻ അനുമതിയുള്ള കേന്ദ്രങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ അടങ്ങിയ മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മാസ്ക് ധരിക്കൽ, രോഗലക്ഷണമുള്ളവർ പാടില്ല തുടങ്ങിയ പൊതു നിർദ്ദേശങ്ങൾ ബാധകമാണ്. 65 വയസ് കഴിഞ്ഞവർക്കും പത്തു വയസ് കഴിയാത്തവർക്കും വിലക്കുണ്ട്.
ആരാധനാലയങ്ങൾ:
പ്രസാദ വിതരണം, തീർത്ഥം തളിക്കൽ പാടില്ല
വിഗ്രഹങ്ങളിൽ ഭക്തർ സ്പർശിക്കരുത്.
സംഘം ചേർന്ന് സ്തുതിഗീതം പാടില്ല, റെക്കാർഡ് ചെയ്ത് ഉപയോഗിക്കാം.
കൂട്ടമായ കയറരുത്, ആറടി അകലം പാലിക്കണം
ഭക്ഷണശാലകൾ,ഹോട്ടലുകൾ
കണ്ടെയ്മെന്റ് സോണുകൾക്ക് പുറത്തായിരിക്കണം
അകത്തും പുറത്തും തിരക്ക് പാടില്ല,
50ശതമാനം സീറ്റുകളിൽ മാത്രം ഭക്ഷണം
പണരഹിത ഇടപാടുകൾ നടത്തുക.
എ.സി 24-30 ഡിഗ്രിയിൽ ക്രമീകരിക്കുക
ഷോപ്പിംഗ് മാളുകൾ:
വരാനും പോകാനും വ്യത്യസ്ത വഴികൾ
ഹോട്ടലുകൾക്ക് പറഞ്ഞതെല്ലാം ബാധകം
ഗെയിമുകൾ പാടില്ല, തിയേറ്ററുകൾക്ക് വിലക്ക്
ഓഫീസുകൾ:
ഒന്നോ രണ്ടോ കൊവിഡ് കേസുകളെങ്കിൽ കെട്ടിടം പൂർണമായി അടച്ചിടേണ്ടതില്ല.
കൂട്ടത്തോടെ അസുഖമുണ്ടായിൽപൂർണമായി സീൽ ചെയ്യണം