ന്യൂഡൽഹി: ഈ വർഷത്തെ ഹൈദരാബാദ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉപേക്ഷിച്ചു. ലോക ബാഡ്‌മിന്റൺ ഫെഡറേഷനാണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തി വച്ചിരിക്കുന്ന മത്സരങ്ങൾ ആഗസ്റ്റ് 11ന് ഹൈദരാബാദ് ഓപ്പണിലൂടെ പുനരാരംഭിക്കാമെന്നായിരുന്നു ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ പ്രതീക്ഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ ഇന്ത്യൻ ഗവൺമെന്റ് അനുമതി നൽകില്ലെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ ലോക ബാഡ്മിന്റൺ ഫെഡറേഷനെ അറിയിച്ചതോടെയാണ് ഹൈദരാബാദ് ഓപ്പൺ ഉപേക്ഷിച്ചത്.