insia-australia-summit-

ന്യൂഡൽഹി : സൈനികസഹകരണം ഉൾപ്പെടെ ആസ്ട്രേലിയയുമായി ഇന്ത്യ ഇന്ന് ഒപ്പിട്ടത് ഏഴുകരാറുകൾ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിർച്വൽ ഉച്ചകോടിയിലാണ് കരാറുകൾ സംബന്ധിച്ച് ധാരണയായത്. സൈനിക താവളങ്ങളിലെ ലോജിസ്റ്റിക്‌സ് സഹകരണത്തിന് ഉൾപ്പെടെയുള്ള കരാറാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി ഒപ്പു വച്ചത്. കൊവിഡ് പ്രതിസന്ധിയെ അവസരമായി മുതലെടുത്ത് ഇന്ത്യയിലെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സമ്പൂർണ പരിഷ്‌കാരം നടപ്പാക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള ഓൺലൈന്‍ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കരാറനുസരിച്ച് യുദ്ധകപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കും. മേഖലയിലെ ചൈനയ്ക്കുള്ള സൈനികവും സാമ്പത്തികവുമായ മേൽക്കൈ മറികടക്കാൻ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.

വ്യാപാരവിഷയങ്ങളിൽ ചൈനയ്ക്കും ആസ്ട്രേലിയക്കുമിടയിൽ അടുത്തിടെ തർക്കം ഉടലെടുത്തിരുന്നു. കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു രാജ്യാന്തര അന്വേഷണം നടത്തുന്ന കാര്യത്തിലും ചൈനീസ് നീക്കങ്ങൾക്കെതിരെ ഓസ്‌ട്രേലിയ രംഗത്തെത്തിയിരുന്നു.