ക്യാൻബെറ: സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കാനായി സാനിറ്ററി പാഡുകൾ സൗജന്യമായി നൽകാൻ തീരുമാനിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡൺ. പാഡ് വേണ്ടസമയത്ത് ലഭിക്കാത്തതിനാൽ വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ വരാതിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്നും പാടുകൾ ആഡംബര വസ്തുവായി കാണുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ടെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി.
ജൂലൈ മുതലാണ് ഈ സംവിധാനം നിലവിൽ വരിക. പരീക്ഷണാടിസ്ഥാനത്തിൽ വിവിധ മേഖലകളിലായുള്ള 15 സ്‌കൂളുകളിൽ ഈ സൗകര്യം കൊണ്ടുവരും. ശേഷം രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.
'ന്യൂസിലന്റിൽ ഒന്‍പതിനും 18നും ഇടയില്‍ പ്രായമുള്ള 95000 പെണ്‍കുട്ടികള്‍ ആര്‍ത്തവ ദിനങ്ങളില്‍ സ്‌കൂളിൽ വരാതെ വീടുകളിൽ കഴിയേണ്ടി വരാറുണ്ട്. സാനിറ്ററി പാഡ് ലഭ്യമാകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനെ തുടര്‍ന്നാണ് അവര്‍ക്ക് വീടുകളില്‍ തുടരേണ്ടി വരുന്നത്. ഈ യുവ തലമുറയ്ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല' ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.
2019ല്‍ രാജ്യത്ത് നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ 13നും 17നും ഇടയില്‍ പ്രായമുള്ള 12 പേരില്‍ ഒരാള്‍ ആര്‍ത്തവദിവസങ്ങളില്‍ സ്കൂളില്‍ എത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനം വൻതോതിൽ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. ഇതിനു മുൻപ് സ്കോട്ട്ലൻഡ് രാജ്യത്തെ സ്ത്രീകൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാൻ തീരുമാനിച്ചിരുന്നു.