
കൊച്ചി: അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന വിദ്യാർത്ഥിനിയെയും യുവതിയെയും മദ്യപിച്ചെത്തിയ പിതാവ് മർദ്ദിച്ചു. ഇവരുടെ ഫോണും ഇയാൾ തകർത്തു. അമ്മ ഫോണിൽ കാമുകനുമായി ചാറ്റു ചെയ്യുകയാണെന്നാരോപിച്ചായിരുന്നു മർദ്ദനം.
അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. മകളുടെ ക്ലാസ് കാണാൻ അമ്മയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ അമ്മയും മകളും ചേർന്ന് ഫോണിൽ ക്ലാസ് കണ്ടുകൊണ്ടിരിക്കെ കുട്ടിയുടെ അച്ഛൻ മദ്യലഹരിയിൽ വീട്ടിലെത്തി. ഫോണില്‍ നോക്കിയിരിക്കുകയായിരുന്ന ഇരുവരെയും മർദ്ദിച്ചിക്കുകയും ഫോൺ തല്ലിപ്പൊളിക്കുകയുമായിരുന്നു. മകളും ഭാര്യയും ക്ലാസിനെക്കുറിച്ച് പറയാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിൽ ഇയാൾ ഒന്നിനും ചെവികൊടുത്തില്ല. തുടർന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആപ് ഉപയോഗിച്ച് മദ്യം വാങ്ങാൻ അറിയാമെങ്കിലും ഫോണിലൂടെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുമെന്ന വിവരം അറിഞ്ഞിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.