തിരുവനന്തപുരം : പാലക്കാട് കാട്ടാന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള വർഗിീയ പ്രചാരണങ്ങൾക്കെതിരെ നടൻ പൃഥ്വിരാജ്. കേരളത്തിനെതിരെയും മലപ്പുറം ജില്ലക്കെതിരെയും വര്‍ഗീയ ലക്ഷ്യത്തോടെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ആന ചെരിഞ്ഞ സംഭവം അക്കമിട്ട് വിശദീകരിച്ച് താരം രംഗത്തെത്തിയത്. ആന ചെരിഞ്ഞതിന് യാതൊരു വർഗീയ ബന്ധവുമില്ലെന്നും സംഭവം നടന്നത് മലപ്പുറത്തല്ലെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു.
പൃഥ്വിരാജ് പറയുന്നത്.
സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക ആനക്ക് ആരെങ്കിലും മനപൂർവം നൽകിയതല്ല. കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ തുരത്താൻ വെച്ച സ്ഫോടകവസ്തുവാണ് ആന അബദ്ധത്തിൽ കഴിച്ചത്. നിയമവിരുദ്ധമാണെങ്കിൽ പോലും മൃഗങ്ങളിൽനിന്ന് വിളകളെ സംരക്ഷിക്കാൻ പലയിടത്തും ഇങ്ങനെ ചെയ്യുന്നുണ്ട്. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്, മലപ്പുറത്തല്ല. ഇതിന് യാതൊരു വർഗീയ ബന്ധവുമില്ല. സംഭവത്തിൽ കേസെടുത്ത് വനംവകുപ്പും പൊലീസും അന്വേഷണം നടത്തുകയാണ്. വിവരം ലഭിച്ചയുടൻ വനംവകുപ്പ് ആനയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇത് ഫലംകണ്ടില്ല. ആന ചെരിഞ്ഞത് ഇന്നലെയല്ല, മേയ് 27നാണ്.