nadal
nadal

മാഡ്രിഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇൗ വർഷം യു.എസ്. ഓപ്പണുൾപ്പടെ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകൾ നടന്നേക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ. കൊവിഡ് വ്യാപനവും വിലക്കുകളുമില്ലായിരുന്നെങ്കിൽ ഇപ്പോൾ ഫ്രഞ്ച് ഓപ്പൺ തുടങ്ങി രണ്ടാഴ്ചയാകേണ്ട സമയമാണിത്. യു.എസ്. ഓപ്പൺ നടത്തുമെന്നാണ് പറയുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നോട് ചോദിച്ചാൽ അതിന് സാധ്യതയില്ലെന്നാകും വ്യക്തിപരമായ ഉത്തരം. കഴിഞ്ഞ ദിവസം ഒരു വീഡിയോ കോൺഫറൻസിലാണ് 19ഗ്രാൻഡ് സ്ലാം കിരിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞ റാഫ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കുറച്ച് നാളുകളായി ലോകം മുഴുവൻ പ്രതിസന്ധിയിലാണ്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. വൈറസിനെ വരുതിയിലാക്കും വരെ ക്ഷമയോടെ കാത്തിരുന്നേ പറ്രൂ. ഇതിനെക്കുറിച്ച് ക്യത്യമായ അറിയിപ്പ് അധികാരികളിൽ നിന്ന് ലഭിക്കണം.ന്യൂയോർക്ക് മാസങ്ങളായി കൊവിഡിന്റെ പിടിയിലാണ്. വൈറസ് വളരെ വലിയ തോതിൽ ബാധിച്ച സ്ഥലമാണ് ന്യൂയോർക്ക്. അതിനാൽതന്നെ യു.എസ്. ഓപ്പണിന്റെ സമയമാകുമ്പോഴേക്ക് ന്യൂയോർക്ക് സാധാരണഗതിയിലെത്താൻ സാധ്യത കുറവാണ്. നമുക്ക് നോക്കാം- നദാൽ പറഞ്ഞു.

പൂർണമായും കൊവിഡിനെ വരുതിയിലാക്കാതെ കളിയൊന്നും ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷിതത്വവും വളരെ പ്രധാനമാണ്. യാത്ര ഉൾപ്പെടെയുള്ള കാര്യങ്ങൾ സുരക്ഷയെ ബാധിക്കും.

കഴിഞ്ഞ രണ്ട് മാസമായി താൻ റാക്കറ്റ് കൈകൊണ്ട് തൊട്ടിട്ടില്ലെന്നും വളരെ ലഘുവായ വ്യായാമങ്ങളേ ചെയ്യുന്നുള്ളൂവെന്നും നദാൽ പറഞ്ഞു. ബുധനാഴ്ചയായിരുന്നു നദാലിന്റെ 34-ാം പിറന്നാൾ.

ടെന്നിസ് കളിക്കുന്നതാണ് ഏറ്രവും ഇഷ്ടപ്പെട്ടകാര്യം. ടൂർണമെന്റുകൾ ഏറെ മിസ് ചെയ്യുന്നു. എന്നാൽ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. പ്രതിസന്ധികൾ മാറി ലോകം സാധാരണ നിലയിലേക്ക് തിരിച്ചെത്തെട്ടെയെന്നാണ് എല്ലാത്തിനും മേലായി എന്റെ പ്രാർത്ഥനയും ആഗ്രഹവും - നദാൽ പറഞ്ഞു.