ചിത്രമെന്ന സിനിമയുടെ ഒാഡിയോ കാസറ്റ് െെകമാറി െമാട്ടിട്ട പ്രണയകാലം എം.ജി. ശ്രീകുമാറും
ഭാര്യ ലേഖയും ഒാർമ്മിക്കുന്നു......
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ ഓർമ്മകൾ ഓടി കളിക്കുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ മഴ കണ്ടിരിക്കുകയാണ് ശ്രീകുമാറും ലേഖയും.35 വർഷം പഴക്കം ചെന്ന ചന്തം ചോരാത്തൊരു ഓർമ്മച്ചിത്രം ശ്രീകുമാറിന്റെ മനസിൽ സംഗതികളെല്ലാം ചേർന്നിരിക്കുന്നു.ഒരു സംവത്സരത്തിലും ആ ചിത്രം മായില്ല.മഴയെ തോല്പിക്കാൻ അപ്പോൾ കാറ്റ് പാഞ്ഞെത്തി.ശ്രീകുമാർ ലേഖയ്ക്കും ശ്രീക്കുട്ടനാണ്. ലേഖയെ പാളി നോക്കി ശ്രീകുമാർ നിറഞ്ഞു ചിരിച്ചു.
''മദ്രാസിൽ ചിത്രം സിനിമയിലെ പാട്ടുകൾ പാടി കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. അന്ന് കുറച്ച് സിനിമകളിൽ പാടിയിട്ടുണ്ട്.ഞാനൊരു ഗായകനാണ്... അങ്ങനെയാണ് ആദ്യ പരിചയപ്പെടൽ . ചിത്രം സിനിമയുടെ ഒരു ഓഡിയോ കാസറ്റും കൊടുത്തു.ചിത്രത്തിലെ നായിക രഞ്ജിനി ആശുപത്രിയിലായതിനെ തുടർന്ന് ഷൂട്ടിംഗ് നിറുത്തിവച്ചിരുന്നു.തടി കുറയ്ക്കാൻവേണ്ടി എന്തോ മരുന്ന് കഴിച്ച് വയറിന് അസുഖമായാണ് രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സിനിമ റിലീസാകുംമുൻപേ കാസറ്റ് പുറത്തിറങ്ങി.
ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്." പ്രണയകഥയുടെ ആദ്യ സീൻ ശ്രീകുമാർ പറഞ്ഞപ്പോൾ അടുത്തിരുന്ന ലേഖയുടെ മുഖത്ത് ചെറുപുഞ്ചിരി ഒഴുകി.'' ചിത്രത്തിലെ പാട്ടിലാണ് ഞാൻ വീണത്." വലിയ ചിരിയോടെ ശ്രീകുമാറിനെ നോക്കി ലേഖ പറഞ്ഞു.അങ്ങനെ കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പതിനഞ്ച് വർഷം ലിവിംഗ് ടുഗദറായി .
''ആ പതിനഞ്ച് വർഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരുമിച്ചുപുറത്തുപോകാനായിരുന്നു ബുദ്ധിമുട്ട്. മദ്രാസിൽ പോകുമ്പോൾ ഞങ്ങൾ രണ്ടായി ഫ്ളൈറ്റ് ടിക്കറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരത്താണെങ്കിൽ ഭക്ഷണം കഴിക്കാൻ കോവളത്താണ് പോയിരുന്നത്." ലേഖ മുഴുവിപ്പിക്കും മുൻപേ ശ്രീകുമാർ വീണ്ടും പറഞ്ഞു തുടങ്ങി.
''എന്റെ വീട്ടുകാർക്കായിരുന്നു ഏറെ എതിർപ്പ്. എന്റെ കൂട്ടുകാർക്കും എതിർപ്പായിരുന്നു. പക്ഷേ ഞങ്ങൾ എല്ലാത്തിനെയും തരണം ചെയ്തു.കല്യാണം കഴിക്കാതെ പതിനഞ്ച് വർഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ലിവിംഗ് ടുഗദർ ഇപ്പോഴാണെങ്കിൽ പുതിയ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ഒന്നുകിൽ പയ്യൻ തേയ്ക്കും അല്ലെങ്കിൽ പെണ്ണ് തേയ്ക്കും. എന്തായാലും 'തേപ്പ്' ഉറപ്പാണ്.
പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തിൽ നൂറ് ശതമാനം സത്യമാണ്.ആ കാലത്ത് ലിവിംഗ് ടുഗദർ ഒരു സാഹസം തന്നെയായിരുന്നു. സ്നേഹമാണ് എല്ലാ സാഹസങ്ങൾക്കും നമ്മളെ പ്രേരിപ്പിക്കുന്നത്.
ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരിൽ ഒരു ആയുർവേദ ചികിത്സയ്ക്ക് പോയി. പിഴിച്ചിൽ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ടുപേർ കാണാൻ വന്നു.എക്സ്ക്ളൂസീവായി ഇന്റർവ്യൂ തന്നാൽ കവർ സ്റ്റോറിയായി ചെയ്യാമെന്നവർ പറഞ്ഞു.
വിവാഹിതരാകാൻ താത്പര്യമുണ്ടോയെന്ന് അവർ ചോദിച്ചു.തീർച്ചയായും ഞങ്ങൾക്ക് കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു.കോട്ടയത്ത് ഒരു ഹോട്ടലിൽ ഫോട്ടോ ഷൂട്ടും നടന്നു.2000 ഡിസംബർ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവർ സ്റ്റോറി എം.ജി. ശ്രീകുമാർ വിവാഹിതനായി,ഭാര്യ ലേഖ എന്നായിരുന്നു.ആ സമയത്ത് ഞങ്ങൾ വിവാഹിതരല്ല. ഞങ്ങൾക്ക് നല്ല പണിയാണ് കിട്ടിയത്."വലിയ ചിരിയോടെ ശ്രീകുമാർ ലേഖയെ നോക്കി. ചിരിയിൽ പങ്കുചേർന്ന് ലേഖ ശ്രീക്കുട്ടനെ നോക്കി.
''എനിക്ക് നല്ല പേടി തോന്നി. ജനുവരി മൂന്നിന് കൊച്ചിയിൽ ഗാനമേളയുണ്ട്.കവർ സ്റ്റോറി വന്നതോടെ എല്ലാവരും എന്നെ വിളിക്കാൻ തുടങ്ങി. ഞാൻ ഫോൺ ഓഫ് ചെയ്തു.ഞാനും ലേഖയും നേരെ മൂകാംബികയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സീമച്ചേച്ചിയും സൗത്ത് പാർക്ക് ഹോട്ടലിന്റെ ഉടമ മോഹൻദാസും ഭാര്യ റാണിച്ചേച്ചിയും കുടുംബവുമെല്ലാമുണ്ട്.ഞങ്ങൾ കല്യാണത്തിന് വിളിച്ചപോലെയാണ് എല്ലാവരും അവിടെ വന്നത്. "ശ്രീകുമാർ വീണ്ടും ഉറക്കെ ചിരിച്ചു.
''അപ്പോൾ തന്നെ ഞാൻ അമ്മയെ വിളിച്ചു. ലേഖയെ കല്യാണം കഴിക്കാൻ പോകുന്ന വിവരം അറിയിച്ചു.
നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്. നിനക്കിഷ്ടപ്പെട്ടെങ്കിൽ നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ ആരോടും കല്യാണക്കാര്യം പറഞ്ഞില്ല.മൂകാംബിക ക്ഷേത്രത്തിൽ കല്യാണം കഴിച്ച് തിരുവനന്തപുരത്ത് വന്ന് ഞങ്ങൾ വീണ്ടും രജിസ്റ്റർ മാര്യേജ് ചെയ്തു.
''ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഞങ്ങൾ സന്തുഷ്ടരായി ജീവിക്കുന്നു. ഞങ്ങൾ അങ്ങനെയൊന്നും വഴക്കിടാറില്ല. എന്തെങ്കിലും സൗന്ദര്യപ്പിണക്കമുണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വച്ച് തീർക്കും.സ്നേഹമെന്നത് താലോലിക്കലും പഞ്ചാരവാക്കുകൾ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വർഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തിൽ തിരിച്ചറിഞ്ഞു.""ശ്രീകുമാറിനെ നോക്കി ലേഖ പറഞ്ഞു.
"എറണാകുളത്ത് ബോൾഗാട്ടി പാലസിനടുത്ത് കായലിനോട് ചേർന്ന് വീട് വാങ്ങി. ലേഖ രാവിലെ ഇഡ്ഡലിയും ചമ്മന്തിയുമൊക്കെ ഉണ്ടാക്കി തരും. ഉച്ചയ്ക്ക് ചോറും മീൻകറിയും . രാത്രി മിക്കവാറും പുറത്തുനിന്ന് വാങ്ങും. നല്ല കൈപ്പുണ്യമാണ് ലേഖയ്ക്ക്. വേഗത്തിൽ പാകം ചെയ്യുകയും ചെയ്യും. അത്രയൊക്കെ പോരേ? അതിൽ കൂടുതൽ എന്തുവേണം?" വീണ്ടും ശ്രീകുമാറിന്റെ പതിവ് പൊട്ടിച്ചിരി .
''ചിത്രം എന്ന സിനിമയാണ് എനിക്ക് വഴിത്തിരിവായത്.ലേഖയെ തന്നതും ആ സിനിമയാണ്. നാല്പത്തിയെട്ടോ അൻപതോ മിനിട്ടായിരുന്നു അന്ന് ഒരു കാസറ്റിന് വേണ്ട ദൈർഘ്യം.ചിത്രത്തിന്റെ കാസറ്റ് അമ്പത് മിനിട്ട് തികയ്ക്കാൻ വേണ്ടിയാണ് എട്ട് മിനിട്ട് ദൈർഘ്യമുള്ള സ്വാമിനാഥ പരിപാലയാ... എന്ന കീർത്തനം റെക്കാഡ് ചെയ്യുന്നത്. എന്റെ വീട്ടിൽ വച്ചായിരുന്നു റെക്കാഡിംഗ്.
പിന്നീടത് കേട്ടപ്പോൾ പ്രിയദർശൻ പറഞ്ഞു ഇത് ചിത്രത്തിന്റെ ക്ളൈമാക്സ് ലീഡാക്കാമെന്ന്.
പ്രിയാ. അത് വേണോ? ഞാൻ അമ്പരപ്പോടെ ചോദിച്ചു. വേണം ഞാനത് എടുത്ത് കാണിച്ച് തരാമെന്ന് പ്രിയൻ ദൃഢനിശ്ചയത്തോടെ പറഞ്ഞു.ആ പാട്ട് കഴിഞ്ഞാൽ ചിത്രത്തിൽ രണ്ടോ മൂന്നോ ഡയലോഗുകളേയുള്ളൂ.ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുകാ. എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ എന്ന മോഹൻലാലിന്റെ ഡയലോഗ് ആ പാട്ടിന് ശേഷമാണ്.മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിലെ സെറ്റിൽ പ്രിയൻ ആ പാട്ട് ചിത്രീകരിക്കുമ്പോൾ ഞാനുമുണ്ട്. ഞാൻ ലാലിന് ഒരു പണി കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് ചിത്രീകരണത്തിനിടെ പ്രിയൻ മോഹൻലാലിന്റെയടുത്തേക്ക് ചെന്നു. ഈ സ്വരം മുഴുവൻ നിന്റെ ഒറ്റ ഷോട്ടിലാണ് എടുക്കാൻ പോകുന്നത്.
പ്രിയൻ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി: 'നിങ്ങളെന്തോന്ന് കളിക്കുകയാണോ? ഞാനാര് ശെമ്മാങ്കുടി ശ്രീനിവാസൻ അയ്യരോ. ഈ സ്വരം മുഴുവൻ പാടാൻ."'കാമറയുടെ തൊട്ട് താഴെ വരികൾ മുഴുവൻ എഴുതിയ കടലാസുമായി ഞാനിരുന്നോളാം. വായ കൊണ്ടു ലിപ്പും തരാം. " ഞാൻ ലാലിന് ഉറപ്പ് കൊടുത്തു. പ്രിയൻ ആ സ്വരം മുഴുവൻ ഒറ്റ ടേക്കിലെടുത്തു. ക്ളാസിക്കൽ പഠിച്ച എനിക്ക് പോലും അത് പ്ളേ ബാക്ക് ചെയ്തിട്ട് ലിപ്പ് കൊടുക്കണമെന്ന് പറഞ്ഞാൽ സാധിക്കില്ല.
മോഹൻലാൽ ഒരു ജീനിയസായത് കൊണ്ടാണ് അത് സാധിച്ചത്. എല്ലാം സംഭവിക്കുന്നതാണ്.ഏത് പാട്ട് ഹിറ്റാകുമെന്ന് ആർക്കും പറയാൻ കഴിയില്ല.മാനത്തെ കൊട്ടാരത്തിലെ പൂ നിലാമഴ എന്ന പാട്ട് അതിനുദാഹരണമാണ്.പാടാൻ നേരത്ത് ഞാൻ സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിനോട് ചോദിച്ചിട്ടുണ്ട്. 'എന്ത് പാട്ടെടോ ഇത് .കുതിരപ്പുറത്ത് പോകുന്ന പോലെയാണല്ലോയെന്ന്.സിനിമ റിലീസായിക്കഴിഞ്ഞ് ഗാനമേളകൾക്കൊക്കെ എല്ലാവരും പൂനിലാമഴ പാടണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് ആ പാട്ടിന്റെ സ്വാധീനം മനസിലായത്. പാടി, സംഗീത സംവിധാനം ചെയ്തു, അഭിനയിച്ചു, സിനിമ നിർമ്മിച്ചു. സംവിധാനം മാത്രം ഉദ്ദേശ്യമില്ല. എന്തിനാ അറിയാത്ത പണിക്ക് പോകുന്നത്?"" ശ്രീകുമാർ ലേഖയെ നോക്കി പറഞ്ഞു.