കഴിവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ ആരുടെയും കാലുപിടിക്കാതെ ആരോടും ചാൻസ് ചോദിക്കാതെ ആർക്കും സിനിമാതാരമാകാം - മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ പരിചയപ്പെടുത്തിയ വിനീത് ശ്രീനിവാസൻ പറയുന്നു......
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമുണ്ട്.മലയാളത്തിൽ പ്രതിഭ തെളിയിച്ചവരുടെ മക്കളുടെ സമാഗമമാണ് പുതിയ ചിത്രമായ ഹൃദയം ചിരിയോടെ വിനീത് എല്ലാം കേൾക്കുന്നു. പതിവുപോലെ മനോഹരമായ കുടുംബചിത്രമായിരിക്കും സംവിധാനം ചെയ്യുന്ന പുതിയ സിനിമയെന്ന് വിനീതമായി പറഞ്ഞ് വിനീത് മുന്നിലിരിക്കുന്നു.
തണ്ണീർ മത്തൻ ദിനങ്ങളിൽ ഇതുവരെ കാണാത്ത വിനീതായിരുന്നല്ലോ ?
സൈക്കോ രവി എന്ന വിളി കിട്ടി.ആദ്യ ദിവസം എനിക്ക് ഒരു പിടിത്തവും കിട്ടിയില്ല. എങ്ങനെ പിടിക്കണമെന്നുപോലും അറിയില്ലായിരുന്നു .ടെൻഷൻ തോന്നി. സംവിധായകൻ ഗിരീഷ് കഥാപാത്രത്തിന്റെ ആഴം പറഞ്ഞു തന്നു . സ്ക്രിപ്ട് വായിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു ഗ്രാഫുണ്ടായിരുന്നു.അതല്ല, ഗിരീഷിന്റെ മനസിലുള്ളതെന്ന് തിരിച്ചറിഞ്ഞു.പിന്നെ അത് ഒാകെയായി. ഒാരോ സീനിലും എന്തെങ്കിലും കുനുഷ്ട് ചെയ്യാൻ ഉണ്ടാകും.ഈ സ്വഭാവമുള്ള ഒരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ല.അതുപോലെ കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ എല്ലാ സീനികളിലും ഇതുേപാലെ കുനിഷ്ട് ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമനും തണ്ണീർ മത്തൻ ദിനങ്ങളിലെ രവി പദ്മനാഭനും തമ്മിൽ ബന്ധമില്ല.
വിനീത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ജോമോൻ ഉണ്ടോ?
ജോയുടെ കഴിവ് തിരിച്ചറിഞ്ഞ ആളാണ്. ബോളിവുഡിൽ ജോ പോകണമെന്ന് ഞാനും ആഗ്രഹിച്ചു. തിരക്കുകളിലൂടെ മാത്രം സഞ്ചരിക്കണമെന്നും ആഗ്രഹിച്ചു. ജോ എന്റെ സുഹൃത്താണ്. അത് കഴിഞ്ഞാണ് കാമറാമാൻ. ഞാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
ഹൃദയത്തിൽ വിശ്വജിത്താണ് കാമറാമാൻ.
വിനീത് കൊണ്ടുവന്നവരെല്ലാം വളർന്നു കൊണ്ടേയിരിക്കുന്നു. എന്താണ് മാജിക്?
മാജിക്കൊന്നുമില്ല. ഒാരോരുത്തർക്കും അവരുടെ ജാതകമുണ്ട്. ഞാൻ വെറുമൊരു നിമിത്തം.സൂക്ഷിച്ച് നമ്മൾ തീരുമാനമെടുത്താൽ ഏതൊരാൾക്കും ഗുണം ചെയ്യും. അത് ഒരു പുണ്യമുള്ള കാര്യമാണ്. എന്നാൽ ഇതൊന്നും നമ്മുടെ തീരുമാനങ്ങളുമല്ല. മലർവാടി ആർട്സ് ക്ളബ് പുതിയ ആളുകളെ വച്ച് ചെയ്യാൻ കാരണമുണ്ട്. അന്നും ഇന്നും ചെന്നൈയിലാണ് താമസം. ആ സമയത്ത് വെങ്കിട് പ്രഭുവിന്റെ സിനിമകളുടെ കാലം. ചെന്നൈ 28 ഉം സരോജയും തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കണ്ടു.ഒരു സംഘം പുതിയ ആളുകൾ വന്ന് തമിഴ് സിനിമയെ ഒന്നാകെ മാറ്റി മറിക്കുന്നത് കൺമുൻപിൽ കണ്ടു. എന്നാൽ മലയാളത്തിൽ ഇത് നടക്കുന്നില്ല.നടക്കുമെന്ന് അറിയാം. അതിൽ നിന്നാണ് മലർവാടി ആർട്സ് ക്ളബിനെപ്പറ്റി ചിന്ത ഉണ്ടാകുന്നത്.വെങ്കിട് പ്രഭുവിന്റെ സിനിമകളിൽ കണ്ട മാജിക് ഇവിടെയൊന്ന് പരീക്ഷിച്ചു. പുതിയ ആളുകളെ വച്ച് ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സിനിമ ചെയ്യാനാണ് ആദ്യം ആലോചിച്ചത്.അതിന് ശേഷമാണ് മലർവാടി ആർട്സ് ക്ളബിലേക്ക് എത്തിയത്.
സിനിമ സ്വപ്നം കാണുന്നവർക്ക് നൽകുന്ന ഉപദേശം എന്താണ്?
കഴിവും കഠിനാദ്ധ്വാനവും വേണം.ഇത് രണ്ടും ഉണ്ടെങ്കിൽ ആരുടെയും കാലുപിടിക്കേണ്ട. ആരോടും ചാൻസ് ചോദിക്കുകയും വേണ്ട. യു ടൂബിൽ ഒരു സാധനം ഇട്ടാൽ സ്വന്തം നിലയിൽ സെലിബ്രിറ്റിയാകാം.സിനിമ പോലും ഇന്ന് വേണമെന്നില്ല. അതിന് തെളിവാണ് കരിക്ക്. എല്ലാ പ്ളാറ്റ് ഫോമിലും കാഴ്ചക്കാരെ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ഒരു ഫുഡ് വേ്ളാോഗർക്ക് വേണമെങ്കിൽ അന്താരാഷ്ട്ര താരമാകാം. എന്തു രീതിയിലും കാര്യങ്ങൾ ചെയ്യാൻ ഇന്ന് ആളുകൾക്ക് സൗകര്യമുണ്ട്. ആലോചന മാത്രം മതി. സ്മാർട്ടായി പ്രവർത്തിച്ചാൽ അവസരം തേടി വരുന്നു.
ഇപ്പോൾ റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. അത്തരം സിനിമയെ എങ്ങനെ വിലയിരുത്തുന്നു?
റിയലിസ്റ്റിക് സിനിമ ഇഷ്ടമാണ്. ആ സിനിമ വലിയ സ്വാതന്ത്ര്യമാണ് സംവിധായകന് തരുന്നത്. പ്രേക്ഷകനെ പേടിച്ച് സിനിമ ചെയ്യുന്നതാണ് മുൻപത്തെ രീതി. എന്നാൽ റിയലിസ്റ്റിക് സിനിമകളുടെ പതിഞ്ഞ താളത്തിനൊപ്പം പ്രേക്ഷകൻ സഞ്ചരിക്കുന്നതായി തോന്നുന്നു. പ്രേക്ഷകനിൽ ഉണ്ടാകുന്ന ഈ മാറ്റം സിനിമയ്ക്ക് നല്ലതാണ്. റിയലിസ്റ്റിക് സിനിമയുടെ മേജർ പ്ളസ് അതാണ്.