ബിക്കാനേർ: രാജസ്ഥാൻ എന്ന പേര് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓർമ്മ വരുന്ന ബിംബങ്ങൾ എന്തൊക്കെയാണ്? നോക്കെത്താ ദൂരം മണലാരണ്യമായ താർ മരുഭൂമിയും ഒട്ടകങ്ങളും കുടിവെള്ളമേന്തിയ കുടവും ചുമന്ന് നടന്നുനീങ്ങുന്ന സ്ത്രീകളും പിന്നെ ഹവാമഹൽ പോലെ വലിയ അംബരചുംബികളായ കൊട്ടാരങ്ങളും എല്ലാമാണത്. അവിടെ വനത്തിന്റെ അളവ് വർദ്ധിക്കുകയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സംഭവം സത്യമാണ് തൊട്ടടുത്ത് കിടക്കുന്ന ഹരിയാനയെയും പഞ്ചാബിനെക്കാളും രാജസ്ഥാന് കൂടുതൽ വനമേഖല ഇന്നുണ്ട്.
സാമൂഹിക വനവൽക്കരണം എന്ന പദ്ധതി ഇന്ത്യയിലാരംഭിച്ചത് ഇന്ദിരാഗാന്ധിയാണ് 1981ൽ. രാജ്യത്തെ
വനനശീകരണത്തിനെതിരെയുള്ള പുതിയൊരു യുദ്ധം തന്നെയായിരുന്നു അത്. നിരവധി ഗുണഫലങ്ങൾ അത് നമുക്ക് കാട്ടിത്തന്നു. ഇന്ന് രാജസ്ഥാനിലും സാമൂഹിക വനവൽകരണം സജീവമാണ് . ഇവിടെ ബിക്കാനീറിലെ ഡങ്കർ കോളേജിലെ സാമൂഹ്യശാസ്ത്ര വിഭാഗം പ്രൊഫസറായ ശ്യാം സുന്ദർ ജ്യാനി 'ഫാമിലിലാൽ ഫോറസ്ട്രി' എന്ന തന്റെ ക്യാമ്പെയിനിലൂടെ സാമൂഹിക വനവൽകരണം പ്രോത്സാഹിപ്പിക്കുകയാണ്.
നശിച്ചുപോകാറായ മൂന്ന് വേപ്പ് മരങ്ങളെ സംരക്ഷിക്കുക വഴി 2003ൽ തന്റെ പ്രകൃതി സ്നേഹം തിരിച്ചറിഞ്ഞയാളാണ് പ്രൊഫ. ജ്യാനി. ഒരു കർഷകന്റെ മകനായ ജ്യാനിക്ക് പ്രകൃതി സംരക്ഷണം പിന്നെ ശീലം തന്നെയായി മാറി. 2003-2006 സമയത്ത് വീടുകൾ തോറും കയറിയിറങ്ങി തന്റെ 'ഫാമിലിലാൽ ഫോറസ്ട്രി'ക്ക് ഇദ്ദേഹം പ്രചാരണം നൽകി. 15 വർഷത്തിന് ശേഷം ഇപ്പോൾ പത്ത് ലക്ഷത്തോളം തൈകൾ ഈ ക്യാമ്പെയ്ൻ വഴി നട്ടുകഴിഞ്ഞു. ഏത് തരം വികസനത്തിനും പരിസ്ഥിതിയിൽ വലിയ മാറ്റമാണുണ്ടാക്കുക എന്നാണ് ജ്യാനി പറയുന്നത്.
സാമൂഹിക വനവൽക്കരണം ഇന്ത്യയിൽ സർക്കാർ നടപ്പാക്കുന്നതിനോട് ജനങ്ങൾ ചേർന്ന് നിൽക്കുന്നു എന്നേയുള്ളൂ എന്നാണ് ശ്യാം സുന്ദർ ജ്യാനിയുടെ അഭിപ്രായം. ഇവിടെ വളരെ വേഗം ഫലം ലഭിച്ചാൽ മാത്രമേ ജനങ്ങൾ എന്തിനോടും സഹകരിക്കുകയുള്ളൂ. കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാണ് തന്റെ പ്രവർത്തനം. ഒരു കുടുംബത്തിലെ ഓരോ അംഗങ്ങളും തന്റെ ചുറ്റുമുള്ള പരിസ്ഥിതിയെ കുറിച്ച് അറിവും സൂക്ഷ്മ ബോധവുമുള്ളവരാകുകയാണ് വേണ്ടത്.
മണ്ണിന്റെ ഘടന,പ്രദേശത്തെ കാലാവസ്ഥ, ജലത്തിന്റെ ലഭ്യത, സാമൂഹികാന്തരീക്ഷം ഇവയെല്ലാം അറിഞ്ഞ ശേഷമാണ് പ്രാദേശികമായതോ വൈദേശികമോ ആയ ചെടികൾ ഒരു പ്രദേശത്ത് നടുന്നത്. കൂടുതലും നടുക പഴവർഗ്ഗങ്ങളാണ്.
നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകമായ രീതിയാണ് 'ഫാമിലിലാൽ ഫോറസ്ട്രി'ക്ക് എന്ന് പറയുന്നു പ്രൊ: ജ്യാനി. നഗരങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് അവരുടെതായ ചെറിയ തരം വനം സ്കൂൾ പരിസരത്തിൽ ഉണ്ടാക്കാം. ഇതിന്റെ പരിപാലനം കുട്ടികളെയും ഏൽപ്പിക്കും. ഈ പ്രദേശം ആ വലിയ പ്രദേശങ്ങളുടെ ശ്വാസകോശമായി പ്രവർത്തിക്കും.
ഈ ക്യാമ്പെയ്ൻ വഴി മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമല്ല അവയെ കുറിച്ചുള്ള ചർച്ചകളും ജനങ്ങൾക്കിടയിൽ നടക്കുകയാണ്. അതുവഴി ജനങ്ങളിൽ വനവൽകരണത്തിന്റെ പ്രാധാന്യമെന്തെന്ന ബോധം ഉണ്ടാക്കി കൊടുക്കുന്നതിന് സഹായിക്കും.ഗ്രാമീണരിൽ ഇടത്തരം കൃഷി രീതികളും പച്ചക്കറി കൃഷിയുടെ പ്രാധാന്യവും പഠിപ്പിക്കുകയാണ് ക്യാമ്പെയ്ൻ ചെയ്യുന്നത്.
ചെടികൾക്കൊപ്പം വിളകളും ഒരുമിച്ച് കൃഷി ചെയ്യാൻ പ്രൊഫസർ. ശ്യാം സുന്ദർ ജ്യാനി രാജസ്ഥാനിലെ ഗ്രാമീണ മേഖലയിൽ പരിശീലിപ്പിക്കുന്നുണ്ട്. നിലത്ത് വളരുന്ന വിളകൾക്ക് ദോഷമല്ലാത്ത മരങ്ങളുടെ തൈകളാണ് നടാറ്. ഗ്രാമീണർ നിത്യവും പെരുമാറുന്നയിടങ്ങളിൽ എല്ലാം 'ഫാമിലിലാൽ ഫോറസ്ട്രി' ക്യാമ്പെയ്ൻ വഴി ഫലവൃക്ഷങ്ങളോ മറ്റ് ചെടികളോ നട്ടുപിടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന സംസ്കാരം വളർത്തിയെടുക്കാൻ വിഭാവനം ചെയ്യുന്ന സാമൂഹിക വനവൽകരണ പദ്ധതിയാണ് നമുക്ക് ആവശ്യമെന്ന് 'ഫാമിലിലാൽ ഫോറസ്ട്രി' പദ്ധതിയുടെ വിജയം കാട്ടിത്തരുന്നു.