vinegar

അടുക്കളയിൽ സർവ്വ സാധാരണമായി കണ്ടുവരുന്നൊരു വസ്തുവാണ് വിനാഗിരി. ഭക്ഷണത്തിന് രുചി കൂട്ടാനും അച്ചാറുകൾ ദീർഘനാൾ കേടുകൂടാതിരിക്കാനുമാണ് സാധാരണയായിത് ഉപയോഗിക്കുന്നത്. എന്നാൽ കേവലം അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയിരിക്കുന്ന വിനാഗിരി കൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

വിനാഗിരി,​ കല്ലുപ്പ്, ഡിഷ്‌ വാഷ് ലിക്വിഡ്,​ അല്‍പ്പം വെള്ളം, എന്നിവ മിക്സ് ചെയ്ത് കരിപിടിച്ച വെങ്കല പാത്രങ്ങളിൽ തേച്ചാൽ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വെട്ടിത്തിളങ്ങുന്ന പാത്രങ്ങൾ സ്വന്തമാക്കാം. ഈ മിശ്രിതം ഒരു കുപ്പിയിലാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

ഓറഞ്ചിന്റെ തൊലി വിനാഗിരിയിൽ ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം ഇരട്ടി വെള്ളം ചേർത്ത് തറ വൃത്തിയാക്കാൻ ഉപയോഗിക്കാം. ഇൻസ്റ്രന്റായൊരു ഫ്ലോർ ക്ളീനർ തയ്യാർ. കുറച്ചു വിനാഗിരി ചൂടാക്കി അതിലേക്ക് ഡിഷ്‌ വാഷ്‌ ചേർത്ത് സ്പോഞ്ച് കൊണ്ട് ടൈലുകൾ തുടച്ചാല്‍ അതിലെ കറയും അഴുക്കും മാറിക്കിട്ടും.

ഒരു തുണിയിൽ അല്പം വിനാഗിരി എടുത്ത് പഴയ ഫർണിച്ചറുകളിൽ നന്നായി തുടച്ചാൽ നിമിഷ നേരം കൊണ്ട് തന്നെ വൃത്തിയായി കിട്ടും. ഇതേ രീതിയിൽ തന്നെ ലെതർ ചെരിപ്പും ഷൂവും വ‌‌ൃത്തിയാക്കാൻ കഴിയും.

പച്ചക്കറി കഴുകാൻ

ഒരു ലിറ്റർ വെള്ളത്തില്‍ ‍ ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് പച്ചകറികളും ഫ്രൂട്ട്സും കഴുകിയാൽ കീടനാശിനി മുക്തമാക്കാൻ കഴിയും. ചിക്കൻ കഴുകുമ്പോളും ഇങ്ങനെ ചെയ്യാം. മീനിന്റെ മണം ചട്ടിയിൽ നിന്നും കത്തിയിൽ നിന്നും മാറാനും വിനാഗിരി ഫലപ്രദമാണ്.

ഒരു സ്പ്രേ കുപ്പിയിൽ വെള്ളവും വിനാഗിരിയും മിക്സ് ചെയ്ത് കണ്ണാടിയിൽ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചാൽ ജനലുകളുടെയും, കണ്ണാടിയുടെയും തിളക്കം കൂട്ടാം. ഫ്രിഡ്ജ്‌ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.