മുംബയ്: കൊവിഡ് ഭീതിയും കഴിഞ്ഞ രണ്ടുമാസത്തെ ലോക്ക്ഡൗണും മൂലം രാജ്യത്ത് ഉപഭോക്തൃ സംതൃപ്തി കുത്തനെ ഇടിഞ്ഞുവെന്ന് റിസർവ് ബാങ്കിന്റെ സർവേ റിപ്പോർട്ട്. വരും നാളുകളിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ഭയവും ഉപഭോക്താക്കൾക്കുണ്ട്. 13 നഗരങ്ങളിലായി മേയ് അഞ്ചുമുതൽ 17 വരെ ടെലിഫോൺ അഭിമുഖങ്ങളിലൂടെ ആയിരുന്നു വിവരശേഖരണം.
സാമ്പത്തികസ്ഥിതി, തൊഴിൽ, വരുമാനം, ചെലവ് എന്നിവ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ളത് മോശം പ്രതീക്ഷകളാണ്. സർവേയിൽ 74 ശതമാനം പേർ സമ്പദ്‌സ്ഥിതി മോശമായെന്ന് അഭിപ്രായപ്പെട്ടു. 67 ശതമാനം പേർക്ക് തൊഴിലിൽ നിന്ന് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയും നഷ്‌ടമായി. ഭക്ഷ്യോത്പന്നങ്ങൾക്ക് വില കൂടുന്നുവെന്ന ഭീതിയുമുണ്ട്. അതേസമയം, ഭവനപദ്ധതികൾക്ക് വില കുറയുമെന്ന പ്രതീക്ഷയും ഉപഭോക്താക്കൾക്കുണ്ട്.
പുതിയ പേമെന്റ് ഫണ്ട് രൂപീകരിച്ചു
പണമിടപാടുകൾ (ഡിജിറ്റലും അല്ലാതെയും) പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് പേമെന്റ്സ് ഇൻഫ്രാസ്‌ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന് (പി.ഐ.ഡി.എഫ്) രൂപംനൽകി. പി.ഐ.ഡി.എഫിൽ പ്രാഥമികമായി 250 കോടി രൂപ റിസർവ് ബാങ്ക് നിക്ഷേപിച്ചു. നിലവിൽ എ.ടി.എം., റൂപേ കാർഡ്, ചെക്കുകൾ യു.പി.ഐ., ഐ.എം.പി.എസ് തുടങ്ങിയവയുടെ നിയന്ത്രണം എൻ.പി.സി.ഐയ്ക്കാണ്. ഇവയ്ക്ക് ബദലായി കൂടുതൽ സുരക്ഷിതമായ പേമെന്റ് സംവിധാനം ഒരുക്കുകയാണ് പുതിയ പേമെന്റ് സംരംഭത്തിന്റെ ദൗത്യം.