coluymn

ഒരിക്കൽ നിലമ്പൂരിലെ ഉൾക്കാടുകളിൽ സഞ്ചരിക്കവേ ഒരു ഗിരിവർഗ്ഗ സ്‌കൂളിലേയ്ക്കു കയറിച്ചെന്നു. ഒരു പ​റ്റം കുട്ടികൾ സംഘം ചേർന്ന് കൊച്ചു കൽത്തുണ്ടുകളുപയോഗിച്ച് പാലങ്ങളും കോട്ടകളുമൊക്കെ സ്‌കൂൾ മു​റ്റത്ത് നിർമ്മിച്ചു കൊണ്ടിരിയ്ക്കുന്നു. ആഹാ! എന്തൊരു ശില്പചാതുരി! ഇവർ നാളെ നമ്മുടെ നാടിനെ സൃഷ്ടിക്കുന്ന മികവു​റ്റ എൻജിനീയർമാരാണല്ലോ; എന്നു നിനച്ച് ഏഴോ എട്ടോ വയസ്സുള്ള ഒരു കുട്ടിയോടു ഞാൻ ചോദിച്ചു, എന്താ ഇത്? അവൾ കേട്ടതായി ഭാവിച്ചില്ല. പത്തു വയസ്സുള്ള ഒരു മിടുക്കൻ അവരുടെ സംസാരഭാഷയിൽ അവളോട് എന്തോ പറഞ്ഞു. അപ്പോഴവൾ നിഷ്‌കളങ്കമായി ചിരിച്ചു; പിന്നെ സഗൗരവം അവർ എന്താണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉത്സാഹപൂർവ്വം (അവളുടെ ഭാഷയിൽ) വിവരിച്ചു.

അവരുടെ ടീച്ചർ എന്നോടു പറഞ്ഞു; സ്വന്തം ഭാഷ വിട്ട് മലയാളത്തിൽ പഠിക്കേണ്ടതിനാൽ ഇവർക്ക് പഠിക്കാൻ ഉത്സാഹം കുറവാണ്. പക്ഷേ പാട്ടുകളും കളികളുമൊക്കെ ഏറെ ഇഷ്ടം.


ഇത്ര അതിശയകരമായ ശില്പവൈദഗ്ധ്യം ഈ ചെറുപ്രായത്തിലുള്ള ഈ കുട്ടികളെ അവരുടെ ഭാഷയിൽ, സംസ്‌കാരത്തിൽ വളരാൻ അനുവദിച്ചാൽ എന്തൊരു മികവായിരിയ്ക്കും! മലയാളത്തിൽ കണക്കു പഠിക്കാനാവാതെ അവർ വിഷമിയ്ക്കരുത്.
ഇന്ത്യയിൽ മരിച്ച 250 ഭാഷകളും ഏതാണ്ട് അസ്തമിക്കാറായ 600 ഭാഷകളും ഉണ്ടെന്നു പറയുന്നു. അവയോരോന്നും മരിക്കുമ്പോൾ ഒരു സംസ്‌കാരം അസ്തമിയ്ക്കുന്നു.


ഒരു ഭാഷ മരിക്കുമ്പോൾ ആ ജനവിഭാഗം മ​റ്റൊരു ഭാഷ സംസാരിച്ചു തുടങ്ങുന്നു ..പിന്നെ അവർ അവരുടെ വാസസ്ഥലം വിട്ടു പോകുന്നു. അതോടെ അവർ ക്കു മാത്രം കൈമുതലായ ചില പരമ്പരാഗത ജീവിതമാർഗ്ഗങ്ങൾ കൈമോശം വരുന്നു. അവർക്കുള്ള നൈപുണ്യം എന്നെന്നേയ്ക്കുമായി ലോകത്തിനു നഷ്ടപ്പെടുന്നു. അങ്ങനെ ലോകത്തെ നോക്കിക്കാണാനുള്ള ഒരു ജാലകം തന്നെ നമുക്ക് നഷ്ടപ്പെടുന്നു.


ഒരു വനയാത്രയിൽ അട്ടപ്പാടിയിലെ വിദൂര ഊരിലേയ്ക്ക് കാൽനടയായി സഞ്ചരിക്കുകയായിരുന്നു. ഏതാണ്ട് മുപ്പതു വർഷം മുൻപ് അട്ടപ്പാടിയിലെ കുന്നിൻ നിരകൾ മഞ്ഞയും ചുവപ്പും നിറങ്ങളിൽ ചാമയും ചോളവും മ​റ്റും വിളഞ്ഞു കിടക്കുന്ന കാഴ്ച എന്റെ മനസ്സിൽ നിറഞ്ഞു. ഉത്സാഹപൂർവ്വം ഞങ്ങളോട് സംസാരിച്ചു കൊണ്ട് നീങ്ങുന്ന ഒരു ആദിവാസി വീട്ടമ്മയുടെ കൈയ്യിൽ അന്നു വൈകിട്ട് പാകം ചെയ്യാനുള്ള കാട്ടുചീരയുണ്ട്. ആ ഇനം ചീര മ​റ്റെങ്ങും ഞാൻ കണ്ടിട്ടില്ല. കൗതുകത്തോടെ അതിന്റെ അരി കൊണ്ടുവന്നു വീട്ടിൽ വിതറിയെങ്കിലും അതു പൊടിച്ചില്ല. പ്രത്യേകതരം കുഞ്ഞു തക്കാളികളുണ്ടവിടെ. അതിന്റെ രുചിയും മണവുമൊന്നുവേറെ. അതിന്റെ അരി ഞാൻ കൊണ്ടു വന്നു വിതച്ചു. അഞ്ചാറു വർഷം അതിന്റെ പരമ്പരകൾ നിലനിന്നു. പിന്നെ നശിച്ചു.
ഓരോ മണ്ണിനും അതിനു മാത്രം വിളയിക്കാൻ കഴിയുന്ന വിളകളുണ്ട്. റാഗിയും തിനയും പനിവരഗും ചോളവുമൊക്കെയടങ്ങുന്ന വൈവിധ്യമാർന്ന ഭക്ഷണം ഊരുകൾക്ക് പതുക്കെപ്പതുക്കെ നഷ്ടമായി. വൈവിധ്യങ്ങളെ നശിപ്പിക്കുന്ന വെട്ടുകിളികളായി മുഖ്യധാരാ സംസ്‌കാരം മാറാതിരിയ്ക്കാൻ ഒരുപാടൊരുപാടു ശ്രദ്ധ ആവശ്യമുണ്ട്.
ഈ തീരാനഷ്ടങ്ങൾക്കെന്താണൊരു പരിഹാരം? തനതു വിളകൾ മണ്ണിൽ സംരക്ഷിക്കപ്പെടണം. മണ്ണും ജൈവവൈവിദ്ധ്യവും നശിച്ചാൽ പട്ടിണിയും രോഗവും തന്നെ ഫലം. മരിച്ചുകൊണ്ടിരിയ്ക്കുന്ന കൊച്ചു ഭാഷകൾ സംസാരിക്കുന്നവരെ ഭൂരിപക്ഷമാളുകളുടെ ഭാഷയിൽ സംസാരിക്കാനും പഠിക്കാനും നിർബന്ധിക്കാതിരിയ്ക്കു ക. അവരുടെ തനതായ ജീവിത രീതിയിൽ അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക. അവരുടെ നൈപുണ്യം സംരക്ഷിച്ചുകൊണ്ട് തനതായ ആ സംസ്‌കാരം സംരക്ഷിക്കുക. മുഖ്യധാരയുടെ ഭാഷ സംസാരിക്കാത്തവർ കൊള്ളാത്തവരെന്നു തള്ളാതിരിക്കുക. ലോകത്തിനു തീരാ നഷ്ടമുണ്ടാകാതിരിക്കാൻ ഇതേയുള്ളു വഴി.
വെട്ടു കിളികൾ നമ്മുടെ ഭൂഖണ്ഡത്തിൽ കൃഷിനാശം വിതച്ചു കൊണ്ടിരിയ്ക്കുന്നു. ഏഷ്യ ഒരു നൂ​റ്റാണ്ടു മുൻപ് മഹാമാരികളുടെ പിടിയിലമർന്നിരുന്നു. അവയെ നശിപ്പിക്കാൻ വലിയ തോതിലുള്ള കീട-പക്ഷി നശീകരണ പ്രവർത്തനങ്ങൾ നടന്നു. കുരുവികളെ കൂട്ടത്തോടെ കൊന്നൊടുക്കി. താമസിയാതെ വെട്ടുകിളികളുടെ ഭീകരാക്രമണംഅരങ്ങേറി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കാൻ എത്ര ചെറിയ സംഖ്യ അംഗങ്ങൾ മാത്രമുള്ള.സ്പീഷീസിനും വലിയ പങ്കുണ്ടായെന്നു വരാം. അതു പോലെ ഭാഷ ചെറുതായിരിയ്ക്കാം… ചുരുക്കം പേർ മാത്രംസംസാരിക്കുന്നതായിരിയ്ക്കാം പക്ഷേ അവ നശിച്ചാൽ വലിയ ഭാഷകൾ മാത്രം ഉൾക്കൊള്ളുന്ന വെട്ടുകിളികൾ തനതു സംസ്‌കാരങ്ങളെ മുഴുവൻ ആക്രമിച്ച് നശിപ്പിക്കും. നമ്മുടെ വിലമതിക്കാനാവാത്ത സമ്പത്ത് നശിച്ച് നാം സാംസ്‌കാരിക പട്ടിണിയിലേയ്ക്ക് വഴുതും. വൈവിദ്ധ്യ നാശം സർവ്വത്രനാശത്തിനു. കാരണമാകും. സാംസ്‌കാരിക വൈവിദ്ധ്യം ഒരു നാടിന്റെ സമ്പന്നതയ്ക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണെന്നു നാം തിരിച്ചറിയണം. എല്ലാ രാഗങ്ങളും ചേർന്നേ സംഗീതസാഗരമാകുന്നുള്ളൂ… ഏകതാനത വളരെ വരണ്ടതും മടുപ്പിക്കുന്നതുമാണ്.