മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്ര്‌ഫോംസിൽ നിക്ഷേപപ്പെരുമഴ തുടരുന്നു. അബുദാബി ആസ്ഥാനമായുള്ള നിക്ഷേപക സ്ഥാപനമായ മുബദല ഇൻവെസ്‌റ്ര്‌മെന്റ് കമ്പനി 9,093.60 കോടി രൂപ നിക്ഷേപിച്ച് ജിയോയുടെ 1.85 ശതമാനം ഓഹരികൾ ഏറ്റെടുക്കും.
ജിയോയ്ക്ക് 4.91 ലക്ഷം കോടി രൂപ ഇക്വിറ്റി മൂല്യവും 5.16 ലക്ഷം കോടി രൂപ മൊത്തം ആസ്‌തിമൂല്യവും കണക്കാക്കിയാണ് മുബദലയുടെ നിക്ഷേപം. ജിയോയിലെത്തുന്ന ആറാമത്തെ നിക്ഷേപമാണിത്. മുബദലയുമായുള്ള സഹകരണം 'ഡിജിറ്റൽ ഇന്ത്യ"യുടെ മുന്നേറ്റത്തിന് കൂടുതൽ ആവേശമാകുമെന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു.
മുബദലയുടേത് ഉൾപ്പെടെ, ജിയോയിലെത്തിയ മൊത്തം നിക്ഷേപം ഇതോടെ 87,665.35 കോടി രൂപയായി. 18.97 ശതമാനം ഓഹരികൾ കൈമാറിയാണ് ഈ നിക്ഷേപം ജിയോ നേടിയത്. ഏപ്രിലിൽ 22ന് ഫേസ്‌ബുക്ക് 9.99 ശതമാനം ഓഹരികൾ 43,574 കോടി രൂപയ്ക്കും മേയ് മൂന്നിന് സിൽവർലേക്ക് 1.15 ശതമാനം ഓഹരികൾ 5.655.75 കോടി രൂപയ്ക്കും മേയ് എട്ടിന് വിസ്‌റ്റ പാർട്‌ണേഴ്‌സ് 2.32 ശതമാനം ഓഹരികൾ 11,367 കോടി രൂപയ്ക്കും മേയ് 17ന് ജനറൽ അറ്റ്‌ലാന്റിക് 1.34 ശതമാനം ഓഹരികൾ 6.958.38 കോടി രൂപയ്ക്കും ഏറ്റെടുത്തിരുന്നു. മേയ് 22ന് കെ.കെ.ആർ 2.32 ശതമാനം ഓഹരികൾ 11,367 കോടി രൂപയ്ക്കും ഏറ്റെടുത്തു.
ലക്ഷ്യം കടക്കെണി
ഒഴിവാക്കൽ
2021 മാർച്ച് 31നകം റിലയൻസ് ഇൻഡസ്‌ട്രീസിനെ കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കുകയാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. മൊത്തം 3.36 ലക്ഷം കോടി രൂപയാണ് നിലവിൽ കടബാദ്ധ്യത. നിക്ഷേപപ്പെരുമഴയ്ക്ക് പുറമേ, കഴിഞ്ഞദിവസം അവകാശ ഓഹരി വില്പനയിലൂടെ 53,124 കോടി രൂപയും റിലയൻസ് സമാഹരിച്ചിരുന്നു.
നിറയുന്ന നിക്ഷേപം
നിക്ഷേപകർ ഓഹരി നിക്ഷേപദിനം
ഫേസ്ബുക്ക് 9.99% ഏപ്രിൽ 22
സിൽവർലേക്ക് 1.15% മേയ് 03
വിസ്‌റ്റ 2.32% മേയ് 08
ജനറൽ അറ്റ്‌ലാന്റിക് 1.34% മേയ് 17
കെ.കെ.ആർ 2.32% മേയ് 22
മുബദല 1.85% ജൂൺ 05