kaumudy-news-headlines

1. രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നു. ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതര്‍ പതിനായിരത്തിന് അടുത്ത് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 273 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഒരു ദിവസത്തില്‍ രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. ആകെ മരണം 6,348 ആയി. 1,10,960 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 1,09,462 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 1,43,661 പേരുടെ സാംപിളുകള്‍ പരിശോധിച്ചു.


2. ഇതുവരെ രാജ്യത്ത് 43 ലക്ഷത്തില്‍ അധികം പേരുടെ കൊവിഡ് പരിശോധന നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ തോത് ദേശീയതലത്തില്‍ 6.67 ആണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇതു നൂറു പേരില്‍ 16 എന്ന കണക്കിലാണ്. മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 2710 ആണ്. 77,793 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. തമിഴ്നാട്ടില്‍ 27,256 രോഗബാധിതരും 220 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലും രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. 650 പേരാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധഇച്ച് മരിച്ചത്.
3. നിലവിലെ രോഗവ്യാപനത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടക്കാനാണ് സാധ്യത. അമേരിക്കയും ബ്രിട്ടണും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇറ്റലിയില്‍ ആയിരുന്നു. 2.33 ലക്ഷം കൊവിഡ് കേസുകളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്ത്യയേക്കാള്‍ അഞ്ചിരട്ടി മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
4.ഉറവിടം കണ്ടെത്താന്‍ ആകാത്ത നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ആശങ്കയും വര്‍ധിച്ചു. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യ വകുപ്പിന് വ്യക്തതയില്ല. ആദ്യം തിരുവനന്തപുരം പോത്തന്‍കോട് രോഗം ബാധിച്ചു മരിച്ച അബ്ദുല്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന്‍ കെ.ജി.വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായം ഉണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നാണ് വ്യക്തത ഇല്ലാത്തത്.
5. വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ശ്രമം പാളും. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് സര്‍ക്കാര്‍ കരുതുന്നു. അങ്ങനെയെങ്കില്‍ അത്തരം ആളുകള്‍ ഇനിയും ഏറെപ്പേര്‍ക്ക് രോഗം പടര്‍ത്തിയിട്ട് ഉണ്ടാകില്ലേ എന്ന ആശങ്കയും നില നില്‍ക്കുന്നു.
6. തിരുവനന്തപുരം കഠിനംകുളത്ത് കൂട്ടബലാത്സംഗ കേസില്‍ ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവടക്കം 7 പേര്‍ കസ്റ്റഡിയില്‍. അറസ്റ്റ് രേഖപ്പെടുത്തുന്നത് യുവതിയുടെ രഹസ്യമൊഴി എടുത്ത ശേഷം. അറസ്റ്റ് നാളയെ രേഖപ്പെടുത്തു എന്ന് റൂറല്‍ എസ്.പി ബി അശോകന്‍. അതേസമയം, കേസില്‍ എല്ലാ പ്രതികള്‍ക്ക് എതിരെയും പോക്‌സോ ചുമത്തും. കുട്ടിയുടെ മുന്നില്‍ വച്ച് പീഡിപ്പിച്ചതിനാണ് പോക്‌സോ ചുമത്തുക. കടല്‍തീരത്തേക്ക് എന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ പുതുകുറിച്ചിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കുക ആയിരുന്നു.
7. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി. രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാര്‍ കണിയാപുരത്തുള്ള യുവതിയുടെ വീട്ടില്‍ എത്തിക്കുക ആയിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയില്‍ ആയതോടെ ആശുപത്രിയില്‍ ആക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടെന്ന് ആശുപ്ത്രി അധികൃതര്‍ അറിയിച്ചു.
8. പാലക്കാട് അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞതില്‍ ഉളള അന്വേഷണത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികള്‍ ആയ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ ഒരാള്‍ക്ക് നേരിട്ട് കൃത്യത്തില്‍ പങ്കുണ്ടെന്നാണ് വിവരം. കരുവാരക്കുണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ തീരുമാനം. വീര്യംകുറഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കം ഉണ്ടെന്നാണ് നിഗമനം. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ആയി വനം വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതി ഉണ്ടായിരുന്നു. നിലമ്പൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലാണ് അമ്പലപ്പാറയില്‍ എത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. കഴിഞ്ഞ ദിവസം പാലക്കാട് മലപ്പുറം അതിര്‍ത്തിയായ കരുവാരക്കുണ്ട് മേഖലയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ മുറിവുകളും സമാനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കരുവാരക്കുണ്ട് വനമേഖലയോട് ചേര്‍ന്നുളള തോട്ടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.