ഡയറ്റിങ്ങിന്റെ ഭാഗമായും അമിത വണ്ണം കുറയ്ക്കാനുമാണ് പൊതുവെ ഗ്രീൻ ടീ ഉപയോഗിക്കുന്നത്. ഇത് കേവലം ശരീരഭാരം കുറയ്ക്കുക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ചർമ്മസംരക്ഷണത്തിനും ഗ്രീൻ ടീ വളരെയേറെ ഗുണകരമാണ്. ഇതുപയോഗിച്ച് ചർമ്മ സംബന്ധമായ പല പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും.
ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തിനും ഗ്രീൻ ടീ ഉത്തമമാണ്. മുഖക്കുരു തടയുന്നതിനും ചർമ്മത്തിന്റെ യുവത്വം സംരക്ഷിക്കാനും ഗ്രീൻ ടീ സഹായിക്കും, ഇതിലൂടെ തിളങ്ങുന്ന ചർമ്മവും നിങ്ങൾക്ക് ലഭ്യമാവും.
ആരോഗ്യമുള്ള ചർമ്മത്തിന് ഗ്രീൻ ടീ.
പ്രകൃതിദത്തമായൊരു ആന്റിഓക്സിഡന്റാണ് ഗ്രീൻ ടീ. കോശങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ഇവ വളരെയേറെ സഹായിക്കുന്നു. അന്തരീക്ഷ മലിനീകരണം, സൂര്യതാപം പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതും ചർമ്മ സംരക്ഷണത്തിന് ഗുണം ചെയ്യും. കൂടാതെ ഗ്രീൻ ടീ ചർമ്മത്തിൽ പുരട്ടുന്നത് ഉൾപ്പെടെയുള്ള പല മാർഗ്ഗങ്ങളും ഉണ്ട്. അവയിൽ ചിലത് പരിചയപ്പെട്ടാലോ?
വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിട്ട ശേഷം 5 മിനിറ്റ് ഇതുപയോഗിച്ച് ആവി കൊണ്ടാൽ മുഖത്തെ കറുത്ത പാടുകൾക്ക് പരിഹാരമാവും.
ഗ്രീൻ ടീ കുടിച്ചശേഷം ടീ ബാഗിൽ അൽപം തേൻ ചേർത്തു മുഖത്തിടാം. 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ മുഖകാന്ദി വർദ്ധിക്കും.
5 ടീസ്പൂൺ ഗ്രീൻടീയും കുറച്ച് ആര്യവേപ്പിലയും ചേർത്ത് ആവി പിടിക്കുന്നത് ചർമത്തിനു നല്ലതാണ്.
വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നിവയുടെ കലവറയായ ഗ്രീൻ ടീ തലമുടി തഴച്ചുവളരാൻ സഹായിക്കും. ആഴ്ചയിലൊരിക്കൽ അര ലീറ്റർ വെള്ളത്തിൽ മൂന്നോ നാലോ ടീ ബാഗിട്ട് മുടി കഴുകുന്നത് മുടിയുടെ തിളക്കം കൂട്ടും.
ചൂട് വെള്ളത്തിൽ ടീ ബാഗിട്ട് ശേഷം മുഖത്ത് നന്നായി മസാജ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യുന്നത് വളരെ നല്ലതാണ്.
ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ തേനും ചേർത്ത് 30 മിനിറ്റ് മുഖത്തിട്ടാൽ മുഖക്കുരു ഒരു പരിധി വരെ ഇല്ലാതാക്കാം.
3 ടേബിൾസ്പൂൺ തൈരും ഒരു ടേബിൾസ്പൂൺ ഗ്രീൻടീ പൊടിച്ചതും ചേർത്ത് 20 മിനിറ്റ് മുഖത്തിട്ടാൽ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളിൽ നിന്നും മോചനം നേടാം.
ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച ഗ്രീൻടീയിൽ കോട്ടൺ ബോൾ മുക്കി കണ്ണിനു മുകളിൽവച്ചാൽ, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറി കിട്ടും.