alovera

നിരവധി ഔഷധമൂല്യങ്ങളുള്ള സസ്യമാണ് കറ്റാർവാഴ കേശ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഗുണകരമാണിത്. കൂടാതെ രോഗപ്രതിരോധ മരുന്നുകൾക്കും ഇവ ഉപയോഗിക്കുന്നു. സ്വർഗത്തിലെ മുത്തെന്നാണ് കറ്റാർവാഴ അറിയപ്പെടുന്നത്. വ്യാവസായികാടിസ്ഥാനത്തിലും മേന്മയുള്ള കൃഷി വിളയാണിത്. കറ്റാർവാഴ കർഷകരെ തേടി വൻകിട മരുന്നു കമ്പനികളും കോസ്മെറ്രിക്ക് കമ്പനികളും കറ്റാർവാഴ കർഷകരെ തേടി അലയുകയാണ്. കറ്റാർവാഴ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്.

സൗന്ദര്യ ലേപനങ്ങളും, സൺസ്‌ക്രീൻ ലോഷനുകളും നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കും. വിദേശ രാജ്യങ്ങളിലും ഇവയ്ക്ക് വളരെയേറെ ഡിമാന്റുണ്ട്. ഇതിന്റെ സവിശേഷത മാംസളമായ ഇലകളാണ്. ഒന്നരയടി പൊക്കത്തിൽ വളരുന്ന ചെടിയിൽ 10 മുതൽ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിൽ അടങ്ങിയിട്ടുള്ള അലോയിനാണ് കറ്റാർവാഴയ്ക്ക് സവിശേഷഗുണം നൽകുന്നത്.

ശീതകാലം ഒഴികെയുള്ള ഏല്ലാ കാലാവസ്ഥയിലും, ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാർവാഴ കൃഷി ചെയ്യാവുന്നതാണ്. ഈർപ്പസാന്നിധ്യമുള്ള സ്ഥലങ്ങളിലും ഉഷ്ണമേഖലാ കാലാവസ്ഥയിലും കറ്റാർവാഴ തഴച്ച് വളരും. പ്രത്യേക പരിചരണം ആവശ്യമില്ലാത്ത ക‌‌ൃഷിയാണിത്. ഒരു ചെടിയിൽനിന്ന് 10 കിലോ വിളവ് കിട്ടും. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ നടാവുന്നതാണ്. ചാണകമാണു പ്രധാനവളം. ആറു മാസത്തിനു ശേഷം പോളകൾ ചെടിയുടെ അടിഭാഗത്തുനിന്നും മുറിച്ചെടുക്കാം. പ്രമേഹം, ശ്വാസകോശരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദ മരുന്നുകൾക്കും വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും കറ്റാർവാഴ ഉപയോഗിക്കുന്നു.

കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാട്ടുമരുന്നായും ആയുർവേദ ഔഷധകൂട്ടായും, ഹോമിയോ മരുന്ന് നിർമ്മാണത്തിനും ഇവ ഉപയോഗിക്കാറുണ്ട്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിർമ്മാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്. വീട്ട് മുറ്റത്തെ ചെടിച്ചട്ടിയിൽ നിൽക്കുന്ന കറ്റാർവാഴയുടെ മൂല്ല്യം എത്രമാത്രമാണെന്ന് മനസിലായില്ലെ? ഇനിയെങ്കിലും അവയെ ശ്രദ്ധയോടെ പരിപാലിച്ച് ആദായകരമാക്കി മാറ്രുന്നതിനെ പറ്റി ചിന്തിച്ച്കൂടെ?