sbi

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ നാലിരട്ടിയോളം വളർച്ചയോടെ 3,581 കോടി രൂപയുടെ ലാഭം നേടി. മുൻ വർഷത്തെ സമാനപാദത്തിൽ ലാഭം 838 കോടി രൂപയായിരുന്നു. വർദ്ധന 326.93 ശതമാനം. അതേസമയം, ഒക്‌ടോബർ-ഡിസംബർ പാദത്തെ അപേക്ഷിച്ച് ലാഭം 35.85 ശതമാനം കുറഞ്ഞു.

കഴിഞ്ഞപാദത്തിൽ എസ്.ബി.ഐ കാർഡിന്റെ ഓഹരി വില്പനയിലൂടെ 2,731.34 കോടി രൂപ സമാഹരിച്ചതാണ് ലാഭക്കുതിപ്പിന് സഹായകമായത്. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 7.53 ശതമാനത്തിൽ നിന്ന് 6.15 ശതമാനമായി താഴ്‌ന്നതും ബാങ്കിന് നേട്ടമായി. ഡിസംബ‌ർ പാദത്തിൽ ഇത് 6.91 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്‌തി 3.01 ശതമാനത്തിൽ നിന്ന് 2.23 ശതമാനത്തിലേക്കും കുറഞ്ഞു. അതേസമയം, കിട്ടാക്കടം നീക്കം ചെയ്‌ത് ബാലൻസ്ഷീറ്റ് മെച്ചപ്പെടുത്താനുള്ള നീക്കിയിരിപ്പ് തുകയായി (പ്രൊവിഷനിംഗ്) 13,495 കോടി രൂപ കഴിഞ്ഞപാദത്തിൽ ബാങ്ക് ചെലവാക്കി.

അറ്റപലിശ വരുമാനം (എൻ.ഐ.ഐ) 22,954 കോടി രൂപയിൽ നിന്ന് 0.81 ശതമാനം താഴ്ന്ന് 22,767 കോടി രൂപയായി. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കിന്റെ 21.8 ശതമാനം ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തി. മൊത്തം വായ്‌പാമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇത് 23 ശതമാനമാണ്.

₹3,851 കോടി

കഴിഞ്ഞപാദത്തിൽ എസ്.ബി.ഐയുടെ ലാഭം 3,581 കോടി രൂപ. 2018-19ലെ സമാനപാദത്തിൽ ലാഭം 838.40 കോടി രൂപയായിരുന്നു.

₹14,488 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ ആകെ ലാഭം 14,488 കോടി രൂപ. 2018-19ൽ 862 കോടി രൂപയായിരുന്നു ലാഭം.

7.44%

മികച്ച പ്രവർത്തനഫലത്തെ തുടർന്ന് ബാങ്കിന്റെ ഓഹരിവില ഇന്നലെ 7.44 ശതമാനം ഉയർന്ന് 186.70 രൂപയായി.