വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്താകമാനം 1.30 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 5000ത്തിലേറെ മരണവും റിപ്പോർട്ട് ചെയ്തു. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്. അമേരിക്കയിൽ രോഗികൾ 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിൽ ആറ് ലക്ഷം രോഗികളാണുള്ളത്. അമേരിക്കയിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേരും ബ്രസീലിൽ 34,039 പേരും മരിച്ചു. റഷ്യയിൽ എല്ലാ ദിവസവും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും പ്രതിദിന മരണം ഇപ്പോഴും നൂറിൽ താഴെയാണ്. ആകെ മരണം - 5,528. രോഗികൾ - നാല് ലക്ഷം. ബ്രിട്ടനിൽ 1800 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സ്‌പെയിനിലും ഇറ്റലിയിലും ജർമ്മനിയിലും രോഗവ്യാപനത്തിനും മരണനിരക്കിനും ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ലോകത്താകെ രോഗികൾ - 67 ലക്ഷം
ഭേദമായവർ - 33 ലക്ഷം
പാകിസ്ഥാനിൽ ഇന്നലെ മാത്രം 4,688 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഉള്ളതിലും വച്ച് ഏറ്റവും ഉയർന്ന കണക്കാണിത്.
തുർക്കിയിലെ 15 നഗരങ്ങളിൽ കർഫ്യൂ.
ആസ്ട്രിയ, ഹംഗറി, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധനം ചെക്ക് സർക്കാർ പിൻവലിച്ചു.
പൊതു ഗതാഗതത്തിൽ യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടനിൽ മാസ്ക് നിർബന്ധം.
ദക്ഷിണ കൊറിയയിൽ 39 പുതിയ കേസുകൾ.
ചൈനയിൽ അഞ്ച് പുതിയ കേസുകൾ.
ബ്യൂണസ് അയേഴ്സിൽ ലോക്ക് ഡൗൺ കൂട്ടി.
കൊവിഡ് മുക്തമായി ഫിജി
ഫിജിയിലെ മുഴുവൻ കൊവിഡ് രോഗികളും രോഗവിമുക്തരായെന്ന് പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ അറിയിച്ചു. കഴിഞ്ഞ 49 ദിവസമായി രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ഫിജിയിൽ ഇതുവരെ 18 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.