george

വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയപൊളിസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ ട്വിറ്റർ നീക്കംചെയ്‍തു.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മൂന്നിനാണ് വീഡിയോ പോസ്റ്റ് ചെയ്‍തത്. വീഡിയോയുടെ തുടക്കത്തിൽ ജോർജിന്റെ മരണം വലിയ ദുരന്തമാണെന്ന് ട്രംപ് പറയുന്നുണ്ട്. ഇടത് റാഡിക്കൽ സംഘങ്ങളുടെ പിന്തുണയോടെയുള്ള അക്രമങ്ങൾക്കും അരാജകത്വത്തിനുമെതിരെ ജനങ്ങൾ നിലപാടെടുക്കണെന്നും വീഡിയോയിൽ ട്രംപ് ആഹ്വാനം ചെയ്യുന്നു. പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് 3.40 മിനിറ്റ് ദൈർഘ്യമുണ്ട്.
കോപ്പിറൈറ്റ് പ്രശ്‍നം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‍സ് റിപ്പോർട്ട് ചെയ്‍തു.തെറ്റായ വിവരങ്ങളുള്ളതും കോപ്പിറൈറ്റ് പ്രശ്‍നങ്ങളുള്ളതുമായ ട്വീറ്റുകൾക്കെതിരെ നടപടി തുടരുക തന്നെ ചെയ്യുമെന്ന് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസെ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററും ട്രംപും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രമാണ് പുതിയ നടപടിയും. നേരത്തെ ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ വസ്‍തുതാ പരിശോധാന ലേബൽ നൽകിയിരുന്നു. ഇതിന് പിന്നാലെ, സമൂഹ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ ഉത്തരവിൽ ട്രംപ് ഒപ്പുവെക്കുകയും ചെയ്‍തിരുന്നു.