gulf

റിയാദ്: കൊവിഡ് ബാധിച്ച് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം ഗൾഫ് രാജ്യങ്ങളിൽ ഉയരുന്നതായി റിപ്പോർട്ട്. സൗദിയിൽ കഴിഞ്ഞദിവസം 32 പേരും കുവൈറ്റിൽ ആറുപേരും കൂടി മരിച്ചു. ഇതോടെ ഗൾഫിലെ ആകെ മരണസംഖ്യ 1,253 കടന്നു. ഗൾഫിലെ ആറ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 2,50,000 കടന്നു. കുവൈറ്റിൽ 99 ഇന്ത്യക്കാർക്കു കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം,​ സൗദിയിലെ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനത്തോത് കൂടുകയാണ്. ആശുപത്രികളിലെ വാർഡുകൾ അടയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഒമാനിൽ ഇന്നലെ അഞ്ചുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. രോഗികളുടെ എണ്ണം15,000 കടന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു.

770 പേർക്കാണ് ഒമാനിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 343 സ്വദേശികളും 423 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം15 ,086 ലെത്തിയെന്നും 3451പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു.

രണ്ടുകോടിയുടെ സഹായവുമായി ഖത്തർ

കൊവിഡ്–19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 20 മില്യൻ (രണ്ടുകോടി) ഡോളറി​ന്റെ സഹായം പ്രഖ്യാപിച്ചു. ലണ്ടനിൽ നടക്കുന്ന ലോക വാക്സിൻ ഉച്ചകോടിക്കിടെയാണ് അമീറി​ന്റെ പ്രഖ്യാപനം. വീഡിയോ കോൺഫറൻസ്​ വഴി നടത്തിയ പ്രഭാഷണത്തിനിടെയാണ് ഗ്ലോബൽ അലയൻസ്​ ഫോർ വാക്സിൻസ്​ ആൻഡ് ഇമ്യൂണൈസേഷന് അമീർ സഹായ പ്രഖ്യാപനം നടത്തിയത്. വരും തലമുറകളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ലോകത്തി​ന്റെ സൃഷ്​ടിപ്പിന് 740 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ലണ്ടനിൽ ആഗോള വാക്സിൻ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

ഗൾഫ് കൊവിഡ് മീറ്റർ

സൗദി അറേബ്യ: 93,​157 - 611

ഒമാൻ : 15,086 - 72

ഖത്തർ: 63,741 - 45

കുവൈറ്റ്: 29,921 - 236

ബഹ്റൈൻ: 13,296 - 22

യുഎഇ: 37,018 - 273