phone

മീററ്റ്: വാങ്ങിയ പുതിയ ഫോണിന് ചില കാര്യങ്ങളൊന്നും ശരിയായി പ്രവർത്തിക്കാതെ വന്നപ്പോൾ നന്നാക്കിയതാണ് ആ പൊലീസുകാരൻ. പിന്നെയും ശരിയാകാതെ വന്നപ്പോൾ സൈബർ ക്രൈം സെല്ലിലെ ഉദ്യോഗസ്ഥന് കേടായ ഫോൺ നൽകി. വിശദമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മറ്റൊരു കാര്യമാണ്. ആ ഫോൺ നിർമ്മാണ കമ്പനിയുടെ നിരവധി ഫോണുകൾക്ക് ഒരേ ഐഎംഇഐ നമ്പരാണുള്ളത്. ഏകദേശം 13500 ഫോണുകൾക്ക് ഇന്ത്യയിലാകെ ഒരേ ഐഎംഇഐ നമ്പരാണ് കമ്പനി നൽകിയതെന്ന് കണ്ടെത്തി.

'പ്രഥമദൃഷ്ട്യാ ഇത് കമ്പനി ചെയ്ത തെറ്റാണ്. ഫോൺ മോഷണം പോലെയുള്ളവ അന്വേഷിക്കുമ്പോൾ ഐഎംഇഐ നമ്പർ പ്രധാനമാണ്. ക്രിമിനലുകൾ ഇത് ദുരുപയോഗം ചെയ്യാനിടയുണ്ട്.' മീററ്റ് എസ്.പി. അഖിലേഷ്.എൻ.സിങ് പറഞ്ഞു. വിവിധ വകുപ്പുകൾ ചേർത്ത് കമ്പനിക്കെതിരെ കേസെടുത്തതായി അദ്ദേഹം അറിയിച്ചു.