deric

വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയപൊളിസിൽ ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പൊലീസുകാരൻ ഡെറിക് ചൗവിനെതിരെ (44) കൊലക്കുറ്റം അടക്കം കർശന വകുപ്പുകൾ ചുമത്തി പുതിയ കുറ്റപത്രം നൽകി. 40 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതകം നോക്കിനിന്ന മറ്റു മൂന്നു പൊലീസുകാരെയും പ്രതി ചേർത്തിട്ടുണ്ട്. അതേസമയം,​ സംഭവത്തിനെതിരെ പ്രതിഷേധിക്കുന്ന 10000ഓളം പേർ ഇതുവരെ അറസ്റ്റിലായി. തിങ്കളാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന ഫ്ളോയിഡിന്റെ സംസ്‌കാരചടങ്ങിൽ യു.എസ് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.

ഫ്ലോയിഡിന് നീതിതേടിയുള്ള പ്രതിഷേധം 10-ാംദിനത്തിലേക്ക് കടക്കുമ്പോൾ,​ അത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഒരുവിഭാഗം ജനങ്ങളുടെ മുന്നേറ്റമായി മാറുന്നതായി സൂചന. പ്രതിഷേധത്തിനെതിരെയുള്ള ട്രംപിന്റെ വംശീയ,​ വിദ്വേഷ പ്രസ്താവനകൾ വലിയൊരുവിഭാഗത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ബൈബിളുമായി വാഷിം​ഗടണിലെ പള്ളി സന്ദർശിക്കാനെത്തിയ ട്രംപിനും ഭാര്യ മെലാനിയയ്ക്കുമെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കന്യാസ്ത്രീകളും ക്രിസ്ത്യൻ മത മേലദ്ധ്യക്ഷന്മാരും ഉൾപ്പടെ ട്രംപിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്നു. നേരത്തെ മുൻ പ്രസിഡന്റ് ജോർജ് ബുഷ്,​ യു.എസിലെ മുൻ പ്രതിരോധ സെക്രട്ടറി ഉൾപ്പടെയുള്ള സൈനികതലവന്മാർ തുടങ്ങിയവർ ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ നേരിട്ട് രണ്ടാമൂഴത്തിനായി കാത്തിരിക്കുന്ന ട്രംപിന് നിലവിലെ പ്രതിഷേധസ്വരങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.