jio

മുംബൈ:- ലോക്ഡൗൺ കാലത്ത് ഇന്ത്യയാകെ വ്യാപാര നഷ്ടവും തൊഴിൽ നഷ്ടവും മുൻപുള്ളതിനെക്കാൾ വർദ്ധിച്ചു. എന്നാൽ ഈ സമയത്തും മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ പ്ളാറ്റ്ഫോമായ ജിയോക്ക് വൻ വരുമാനമാണ് ലഭിച്ചത്. ലോകമാകെയുള്ള സംരംഭകർ പത്ത്ലക്ഷം കോടി ഡോളർ ജിയോയുടെ വിവിധ പ്ളാറ്റ്ഫോമുകളിൽ നിക്ഷേപിച്ചു. 5.7 ബില്യൺ ഡോളറാണ് ഫേസ്ബുക്ക് ജിയോയിൽ നിക്ഷേപിച്ചത്. സ്വകാര്യ ഓഹരി നിക്ഷേപക കമ്പനികളായ സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ട്നേഴ്സ്,കെകെആർ& കൊ.,ഇവരും ജിയോയിൽ വിശ്വാസം കണ്ടു.

ജിയോ പുതുതായി ഒരു സെറ്റ് ടോപ് ബോക്സ് ആരംഭിച്ചു. മികച്ച സേവനം നൽകുന്ന പ്ളാനുകൾക്ക് ജിയോയിലൂടെ ഉപഭോക്താക്കൾക്ക് വർഷം ചിലവാകുക 110 ഡോളർ മാത്രമാണ്. എന്നാൽ ഇതേ സൗകര്യം നൽകുന്ന ആപ്പിൾ ടിവിക്ക് ഇത് 250 ഡോളറോളം ചിലവ് വന്നിരുന്നു.

മുകേഷ് അംബാനി, രാജ്യത്തെ ഡിജിറ്റൽ പ്ളാറ്റ്ഫോമിനെ മാറ്റിമറിക്കുകയാണ് ചെയ്യുന്നത്. വൈകാതെ വരാൻ പോകുന്ന 5ജി മൊബൈൽ സംവിധാനത്തിലും മുന്നേറുകയാണ് ജിയോയുടെ ഒരുക്കം. ഒരു ലോക ടെക്നോളജി പവർ ഹൗസാകാനാണ് റിലയൻസിന്റെ നിലവിലെ ശ്രമം.

ഇന്ത്യയിൽ ടെലികോം മേഖലയിലെ ഭീമനാണ് ജിയോ.റിലയൻസ് റീറ്റെയിൽ ലിമിറ്റഡ് ചില്ലറ വ്യാപാര രംഗത്തെ അതികായനാണ്. നെറ്റ് വർക്ക് 18 മീഡിയ& ഇൻവെസ്റ്റ്മെന്റ് വഴി മാധ്യമ ലോകത്തും പ്രാതിനിധ്യമുണ്ട്. ജാം നഗറിലെ എണ്ണ ഉൽപാദന സമുച്ചയം വളരെ വലുതാണ്. സിനിമാ നിർമ്മാണം, ഐഎസ്എൽ പോലുള്ള കായിക മത്സരങ്ങളുടെ നടത്തിപ്പിനും റിലയൻസ് മുന്നിലുണ്ട്. എല്ലാ ആവശ്യത്തിനുമുള്ള ഒരു കമ്പനി എന്ന ലക്ഷ്യം സാധിക്കാനാകുമെന്നാണ് മുകേഷ് അംബാനിയുടെ പ്രതീക്ഷ.

കാറുകൾക്കുള്ള സുരക്ഷാ സംവിധാനവും തീയേറ്ററിൽ ചലച്ചിത്രങ്ങൾ റിലീസാകുന്ന അന്നുതന്നെ വീട്ടിലിരുന്ന് ചിത്രം കാണാവുന്ന തരം സാങ്കേതിക വിദ്യാ സംവിധാനവും റിലയൻസ് ഉദ്ദേശിക്കുന്നുണ്ട്. 2016ൽ ജിയോ സിം അവതരിപ്പിച്ച് സൗജന്യ ഡേറ്റാ സംവിധാനം നൽകി രാജ്യത്തെ പാവപ്പെട്ടവന് പോലും വീഡിയോ കോളിലൂടെ കുടുംബവുമായി സംസാരിക്കാവുന്ന തരം പുതുമ അവതരിപ്പിച്ചു. അതുവരെ വൻ നിരക്കുണ്ടായിരുന്ന ഇന്ത്യയിലെ മൊബൈൽ സേവന കമ്പനികളിൽ വിപ്ളവം രചിച്ചു ജിയോ. ഉപയോക്താക്കളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണിപ്പോൾ ജിയോ.