ജിബൂട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്നലെ വൈകിട്ട് 6 മണിക്ക് തിരിച്ചെത്തി. കൊച്ചി നെടുമ്പാശേരിയിലിറങ്ങിയ സംഘത്തിൽ നടൻ ദിലീഷ് പോത്തനടക്കം എഴുപത്തിയൊന്ന് പേരുണ്ടായിരുന്നു. നിർമ്മാതാവ് ചാർട്ട് ചെയ്ത വിമാനത്തിലാണ് ജിബൂട്ടി ടീം എത്തിയത്.ഏപ്രിൽ 18ന്ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കൊവിഡ് ലോക് ഡൗൺ മൂലം കേരളത്തിലേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.
ജിബൂട്ടി ഗവൺമെന്റും ഇന്ത്യൻ എംബസിയും ചിത്രത്തിന്റെ നിർമ്മാതാവായ ജോബി. പി. സാമും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് യാത്ര സാദ്ധ്യമായത്.ഇന്ത്യയും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയിൽ കൈകോർക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ എസ്.ജെ. സിനുവാണ് സംവിധായകൻ.അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിൽ സിംല സ്വദേശിനി ഷഗുൻ ജസ്വാളാണ് നായിക.നിർമ്മാതാവും മറ്റ് രണ്ട് പേരും മുംബെയിലാണ് ഇറങ്ങുക. ബാക്കി എല്ലാവരും സർക്കാരിന്റെ നിർദ്ദേശ പ്രകാരം ക്വാറന്റൈനിൽ കഴിയാൻ തയ്യാറായാണ് എത്തുക.
ചെന്നൈയിലുള്ളവർ ചെന്നൈയിലും കേരളത്തിലുള്ളവർ കേരളത്തിലും രണ്ട് വട്ടം ക്വാറന്റീനിൽ കഴിയേണ്ടിവരും.
ജിബൂട്ടിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ഷൂട്ടിംഗ്. പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു ഷൂട്ടിംഗ് പൂർത്തിയായ ശേഷം ലോക് ഡൗൺ കാലത്ത് സംഘാംഗങ്ങൾ കഴിഞ്ഞത്.